
കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടയുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത് 21 പേരെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇതിൽ 16 പേർ ഐസിയുവിലാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
പരുക്കേറ്റ അഞ്ച് പേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവിടെയുള്ള 14 വയസുള്ള കുട്ടിയെ ബുധനാഴ്ച ഐസിയുവിലേക്ക് മാറ്റും. കുട്ടിക്ക് 10 ശതമാനമാണ് പൊള്ളലേറ്റത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
കളമശേരി സാമ്ര കൺവെൻഷൻ സെന്‍ററിൽ ഞായറാഴ്ച രാവിലെ 9:40 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ തത്സമയം മരിക്കുകയും, രണ്ടു പേർ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു.
പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (60), തൊടുപുഴ കാളിയാർ കുളത്തിൽ വീട്ടിൽ കുമാരി (50), മഞ്ഞപ്ര പല്ലിക്കുന്ന് സ്വദേശി ലിബ്ന (12) എന്നിവരാണ് മരിച്ചത്. പ്രതിയായ കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ (48) തൃശൂർ കൊടകര പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.