കളമശേരി സ്ഫോടനം: അന്വേഷണ പരിധിയിൽ മാർട്ടിന്‍റെ ഗ്രിൽഡ് ചിക്കൻ വരെ

മാർട്ടിന്‍റെ പെരുമാറ്റം പരിശീലനം ലഭിച്ചവരെ പോലെ, മൊഴി തലനാരിഴ കീറി പരിശോധിച്ച് എൻഐഎ
Dominic Martin, Kalamassery blast spot
Dominic Martin, Kalamassery blast spot
Updated on

ജിബി സദാശിവൻ

കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയ്ക്കിടയിൽ ബോംബാക്രമണം നടത്തുന്നതിന് ഏതാനും ദിവസം മുൻപ് ഡൊമിനിക് മാർട്ടിൻ തമ്മനത്തെ വീട്ടുടമ ബി.എ. ജലീലിനോട് പറഞ്ഞു: "വീടിന് മുകൾ ഭാഗത്ത് നിന്നു പുക കണ്ടാൽ സംശയിക്കരുത്, ചിക്കൻ ഗ്രിൽ ചെയ്യുന്നതാണ്'.

അപ്പോൾ ജലീൽ ചിന്തിച്ചതേയില്ല, രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നതെന്ന്. സ്ഫോടനത്തിന് രണ്ടു ദിവസം മുൻപാണ് വീടിനു മുന്നിൽ വച്ച് ജലീൽ മാർട്ടിനെ കണ്ടത്. കൈയിൽ ബാർബിക്യു ചിക്കനുമുണ്ടായിരുന്നു. മകൾക്ക് ഗ്രിൽഡ് ചിക്കൻ ഇഷ്ടമാണെന്നും അതിനാലാണ് വാങ്ങിയതെന്നുമാണു മാർട്ടിൻ പറഞ്ഞത്.

ഗ്രിൽഡ് ചിക്കനും പുക കണ്ടാൽ ആശങ്കപ്പെടരുതെന്ന മാർട്ടിന്‍റെ മുന്നറിയിപ്പും സ്‌ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).

എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. സ്‌ഫോടനം ആസൂത്രണം ചെയ്തതു വിദേശത്താണെന്ന മാർട്ടിന്‍റെ മൊഴി പിടിവള്ളിയാക്കുകയാണു കേന്ദ്ര ഏജൻസികൾ. പഴുതുകൾ അടച്ചുള്ള അന്വേഷണമാണു ലക്ഷ്യം. കേരള പൊലീസിന്‍റെ അന്വേഷണത്തിൽ ഇടപെടാതെ സമാന്തര അന്വേഷണം അവർ തുടരുകയാണ്.

വിദേശത്തുണ്ടായിരുന്നപ്പോൾ മാർട്ടിൻ ആരെയൊക്കെ ബന്ധപ്പെട്ടു, അയാളുടെ പ്രവർത്തനങ്ങൾ എന്നിവ വിശദമായി അന്വേഷിച്ച ശേഷമേ ഔദ്യോഗികമായി കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. മാർട്ടിൻ മാത്രമാണു പ്രതിയെന്ന് ഏകദേശം ഉറപ്പിക്കുമ്പോഴും ഇയാളുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുകയാണ് അന്വേഷണ സംഘം.

രാജ്യത്തു പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ വ്യാപകമായി സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഐഇഡി സാങ്കേതിക വിദ്യ തന്നെയാണ് കളമശേരിയിലേതും എന്നതിനാൽ ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന നിലപാടിലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) സംഘവും. 61 ഐഇഡി സ്ഫോടനങ്ങളാണു കഴിഞ്ഞ ഒരു വർഷത്തിനിടെ ജമ്മു കശ്മീരിൽ മാത്രം നടന്നത്. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും ബംഗാൾ, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിലും ഐഇഡി സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്.

താൻ മാത്രമാണ് പ്രതിയെന്ന് സ്‌ഥാപിക്കാൻ മാർട്ടിൻ ബോധപൂർവം നടത്തുന്ന ശ്രമങ്ങളാണോ എന്നതിൽ അന്വേഷണ സംഘത്തിനു വ്യക്തത വന്നിട്ടില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്ന മാർട്ടിൻ, മൊഴിക്കനുസരിച്ചുള്ള ചെറിയ തെളിവുകൾ പോലും പരപ്രേരണ കൂടാതെ നൽകുന്നുമുണ്ട്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com