
കളമശേരി: നിരോധിത ലഹരി പദാര്‍ഥമായ എംഡിഎംഎ കൈവശം വച്ച യുവാവിനെ യോദ്ധാവ് സ്ക്വാഡും കളമശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എറണാകുളം, സൗത്ത് ചിറ്റൂര്‍, ഇടയക്കുന്നം വാലം, മാതിരപ്പിള്ളി വീട്ടില്‍ അമല്‍ ജോര്‍ജ്ജ് ഷെന്‍സനാണ് (29) അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പള്ളി, വട്ടേക്കുന്നം ലെ മാൻഷൻ സൂട്ട്സ് ഹോട്ടലില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്നും മയക്കുമരുന്നിനത്തില്‍പ്പെട്ട 1.71 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ഉപയോഗത്തിനും വില്‍പ്പന നടത്തുന്നതിനുമായാണ് എംഡിഎംഎ കൈവശം വച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസിന്‍റെ നേതൃത്വത്തില്‍ യോദ്ധാവ് സ്ക്വാഡിന്‍റെ സഹായത്തോടെ കളമശേരി എസ് ഐ അജയകുമാര്‍ കെ പി, എസ് സി പി ഒമാരായ സജീവ്, അനില്‍കുമാര്‍, സി പി ഒ ശരത്ത്, ഡബ്ലിയു സി പി ഒ അജു, സജന എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.