അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഇടുക്കി ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് ജീവനക്കാർ

Kaniv 108 ambulance staff idukki
അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഇടുക്കി ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് ജീവനക്കാർ
Updated on

ശാന്തൻപാറ (ഇടുക്കി): ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഉത്തർപ്രദേശ് സ്വദേശിനിയും നിലവിൽ പൂപ്പാറ താമസവുമായ പിങ്കി (19)യാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ചയാണ് സംഭവം.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിങ്കിയെ ബന്ധുക്കൾ പൂപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിങ്കിയെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ്പൈലറ്റ് ശ്രീകുമാർ വി.ആർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയ ഇ.ഡി എന്നിവർ ക്ലിനിക്കിൽ എത്തി പിങ്കിയുമായി തേനി മെഡിക്കൽ കോളജിലേക്ക് യാത്രതിരിച്ചു.

ആംബുലൻസ് തമിഴ്നാട് ബോഡിമെട്ട് എത്തിയപ്പോൾ പിങ്കിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്നുമനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പ്രിയയുടെ പരിചരണത്തിൽ പിങ്കി കുഞ്ഞിന് ജന്മം

നൽകുകയായിരുന്നു. തുടർന്ന് പ്രിയ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇവർക്കുവേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ആംബുലൻസ് പൈലറ്റ് ശ്രീകുമാർ ഇരുവരെയും തേനി മെഡിക്കൽ കോളജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com