കനിവ് 108 ആംബുലൻസ്; കരാറിൽ കൂടുതൽ അഴിമതി ആരോപണവുമായി ചെന്നിത്തല

2010ല്‍ രാജസ്ഥാനില്‍ സമാനമായ കരാര്‍ റദ്ദാക്കിയ കാര്യവും ഇഎംആര്‍ഐ നല്‍കിയ രേഖകളില്‍ മറച്ചുവച്ചിരിക്കുയാണെന്നും ചെന്നിത്തല പറഞ്ഞു.
Kaniv 108 ambulance;
Chennithala alleges more corruption in the contract

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. രണ്ടു സംസ്ഥാനങ്ങളില്‍ ശിക്ഷാനടപടി നേരിട്ട വിവരം മറച്ചുവച്ചതിന് സാങ്കേതിക ടെന്‍ഡര്‍ പരിശോധനാ വേളയില്‍ പുറത്താകേണ്ട കമ്പനിയെ രേഖകള്‍ പരിശോധിക്കാതെ സര്‍ക്കാര്‍, ടെന്‍ഡറില്‍ പങ്കെടുപ്പിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.

കര്‍ണാടകയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിന്‍റെ ടെന്‍ഡറിന് വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന്‍റെ പേരില്‍ ഈ കമ്പനിയെ രണ്ടു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത രേഖകളും മേഘാലയയില്‍ ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത രേഖകളും ചെന്നിത്തല പുറത്തു വിട്ടു. ടെന്‍ഡര്‍ ചട്ടങ്ങള്‍ പ്രകാരം, ഏതെങ്കിലും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് കരാറില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.

ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനം വിലക്ക് നേരിടുന്നതാണെന്നും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് അയോഗ്യരാണെന്നും സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പരാതി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നേരിട്ടു ലഭിച്ചിരുന്നതാണ്.

വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന് കര്‍ണാടക സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കിയ നടപടി മറച്ചുവെച്ചാണ് കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് പരാതിയില്‍ പറയുന്നു. 2023 നവംബര്‍ 21 മുതല്‍ 2025 നവംബര്‍ 21 വരെയാണ് ഈ വിലക്ക് നിലവിലുള്ളത്. ഇതിനുപുറമെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മേഘാലയ സര്‍ക്കാര്‍ 2022 ഓഗസ്റ്റില്‍ കമ്പനിയുടെ 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനം റദ്ദാക്കിയിട്ടുള്ളതാണ്.

2010ല്‍ രാജസ്ഥാനില്‍ സമാനമായ കരാര്‍ റദ്ദാക്കിയ കാര്യവും ഇഎംആര്‍ഐ നല്‍കിയ രേഖകളില്‍ മറച്ചുവച്ചിരിക്കുയാണെന്നും ചെന്നിത്തല പറഞ്ഞു. ആദ്യത്തെ അഞ്ചുവര്‍ഷത്തിന്‍റെ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിച്ചെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കാതെ ആ ഭീമമായ തുകയ്ക്ക് തന്നെ ഒന്നേകാല്‍ വര്‍ഷം കൂടി സര്‍ക്കാര്‍ അനധികൃതമായി കരാര്‍ നീട്ടി കൊടുത്തു. ഇതിലും കോടികളുടെ കമ്മിഷന്‍ വാങ്ങിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com