പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നവീന്‍ ബാബുവിന്‍റെ ബന്ധുവും സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍. ജില്ലാ കളക്‌ടർ കെ. വിജയനാണ് പി.പി. ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചുവരുത്തിയതെന്നും ദിവ്യയുടെ സൗകര്യത്തിനനുസരിച്ച് ചടങ്ങിന്‍റെ സമയം മാറ്റുകയായിരുന്നു എന്നും മോഹന്‍ ആരോപിച്ചു.
എഡിഎം വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വം നടത്താന്‍ തീരുമാനിച്ചത് കളക്‌ടറായിരുന്നു. രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്ക് ശേഷമാക്കിയതും കളക്ടറാണ്. രാവിലെ പരിപാടിയിൽ പങ്കെടുക്കാന്‍ കളക്‌ടർക്കോ നവീനോ പ്രശനങ്ങളൊന്നും ഇല്ലാതെയിരിക്കെയാണ് അദ്ദേഹം സമയക്രമം മാറ്റിയത്. ഇതാരുടെ നിർദേശപ്രകാരമാണെന്നാണ് അറിയേണ്ടത്.
ഇതിനു പുറമേ പരിപാടിയിലേക്ക് ക്ഷണിക്കാത്ത ദിവ്യയെ ഫോണില്‍ വിളിച്ച് വരുത്തിയതും കളക്ടറാണെന്നും മോഹനൻ പറയുന്നു. ഇതില്‍ ഗൂഢലക്ഷ്യമുണ്ട്. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുറത്തുനിന്ന് വന്നയാള്‍ മോശപ്പെട്ട രീതിയില്‍ പറയുക എന്നാല്‍ അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ സംഭവിക്കില്ല. ഇതിൽ കളക്‌ടർക്കും കൃത്യമായ പങ്കുണ്ട്. സംഭവത്തിൽ കളക്‌ടർക്കെതിരേയും അന്വേഷണം വേണമെന്നും ഇതിന് പിന്നില്‍ ആരാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നും മോഹനൻ പറഞ്ഞു.