താനൂർ ബോട്ടപകടം: ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമെന്ന് കെ. സുധാകരൻ

'യാദൃച്ഛികമായി സംഭവിച്ച അപകടമല്ല, നിഷ്പക്ഷമായ അന്വേഷണം വേണം'
താനൂർ ബോട്ടപകടം: ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് താനൂർ ബോട്ടപകടമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്‍റെ പ്രധാന ഉത്തരവാദികൾ. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഇത് യാദൃച്ഛികമായി സംഭവിച്ച അപകടമല്ല. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രമല്ല, താനൂർ ബോട്ട് അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളിൽ ശക്തമായ നടപടികൾ എടുക്കുവാനും സർക്കാർ തയാറാകണം. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഉചിതമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് തന്നെ സർക്കാർ നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com