
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.കെ. രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. കോൺഗ്രസ് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പിരിച്ചുവിട്ടു.
പി.കെ. രാഗേഷിനെ കൂടാതെ ചേറ്റൂര്‍ രാഗേഷ്, എം.കെ,അഖില്‍, പി.കെ.രഞ്ജിത്ത്, പി.കെ. സൂരജ്, കെ.പി. രതീപന്‍, എം.വി. പ്രദീപ് കുമാര്‍ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയത്. കെ.പി. അനിത, കെ.പി. ചന്ദ്രന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെൻഡ് ചെയ്തതായും ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.
ഇന്നലെ പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പനലിനെ തോൽപ്പിച്ച് വിമതർ അധികാരം പിടിച്ചെടുത്തിരുന്നു. ഇത് പി.കെ രാജേഷ് ഉൾപ്പെടുന്ന നേതാക്കളുടെ നേതൃത്വത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.