
കണ്ണൂർ: മകനെ ജാമ്യത്തിലിറക്കാൻ വന്ന അമ്മയോട് മോശമായി പെരുമാറിയ കണ്ണൂർ എസ്എച്ച്ഒ കെ വി സ്മിതേഷിനെ സസ്പെന്‍റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക പരിശോധനയിൽ എസ്എച്ച്ഒ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.
ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിലിറക്കാനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് എസ്എച്ചഒ മോശമായി പെരുമാറിയത്. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്‍റെ ചില്ല് തകർക്കുകയും ചെയ്തെന്നാണ് പരാതി. കൂടാതെ അമ്മയെ തള്ളിയിട്ടതായും കുടുംബം ആരോപിക്കുന്നു. മദ്യപിച്ച് മറ്റൊരു വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.