സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിന്‍റെ അപ്രമാദിത്വം

സ്ഥാനങ്ങൾ വീതം വയ്ക്കുമ്പോൾ കണ്ണൂരിനെന്ന വിമർശനം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിലും ആ അപ്രമാദിത്വം ആവർത്തിച്ച് സിപിഎം
Kannur monopoly in CPM state secretariat

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിന്‍റെ അപ്രമാദിത്വം

KB Jayachandran | Metro Vaartha

Updated on

കൊല്ലം: സ്ഥാനങ്ങൾ വീതം വയ്ക്കുമ്പോൾ കണ്ണൂരിനെന്ന വിമർശനം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിലും ആ അപ്രമാദിത്വം ആവർത്തിച്ച് സിപിഎം. 17 അംഗ സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍നിന്നുള്ള 5 പ്രതിനിധികളുണ്ട്- മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ.

പുതിയതായി ഉൾപ്പെടുത്തിയ മൂന്നു പേരിൽ രണ്ടുപേരും കണ്ണൂരിൽനിന്നാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടേണ്ടവരിൽ മുൻനിരയിലുള്ള ആളാണ് കെ.കെ. ശൈലജ എന്നതിനാൽ പി.കെ. ശ്രീമതി ഒഴിയുമ്പോൾ പകരം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയപ്പോൾ വഴിയടഞ്ഞത് പി. ജയരാജനാണ്. 72 വയസുള്ള ജയരാജൻ അടുത്ത സമ്മേളനമാകുമ്പോഴേക്കും 75 എന്ന പ്രായപരിധി പിന്നിടുമെന്നതിനാൽ ഇനി അദ്ദേഹത്തിന് സാധ്യതയില്ല.

ആനാവൂര്‍ നാഗപ്പന്‍ ഒഴിയുമ്പോൾ എം. വിജയകുമാറോ കടകംപള്ളി സുരേന്ദ്രനോ തലസ്ഥാനത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടും എന്ന് കരുതിയിരുന്നെങ്കിലും തിരുവനന്തപുരത്തുനിന്ന് ആരെയും ഉൾപ്പെടുത്തിയില്ല.

എ.കെ. ബാലൻ ഒഴിയുമ്പോൾ പാലക്കാട്ടുനിന്ന് മന്ത്രി എം.ബി. രാജേഷ് പരിഗണിക്കപ്പെടുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകൾക്കും സെക്രട്ടറിയേറ്റില്‍ പ്രാതിനിധ്യം ലഭിച്ചില്ല.

കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി പി. മോഹനൻ, പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com