
ബസുകളിൽ പാട്ടിട്ടാൽ പിടിവീഴും; കർശന നടപടിയുമായി കണ്ണൂർ എൻഫോഴ്സ്മെന്‍റ് ആർടിഒ
കണ്ണൂർ: ബസുകളിൽ സിനിമയോ പാട്ടോ ഇടാൻ പാടില്ലെന്ന് ജില്ലാ എൻഫോഴ്സ്മെന്‍റ് ആർടിഒ. കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്ന ബസുകൾക്കാണ് നിർദേശം. ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടു ദിവസത്തിനകം അഴിച്ചുമാറ്റണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
പരിശോധനയിലോ പരാതിയിലോ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. 10,000 രൂപ പിഴയും വിധിക്കും. ഡ്രൈവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും ആർടിഒ അറിയിച്ചു.
വാതിലുകൾ തുറന്നു വച്ച് യാത്ര നടത്തുന്നതും, എൻജിൻ ബോണറ്റിനു മുകളിൽ ആളുകളെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. സീറ്റിനടയിൽ സ്പീക്കർ വയ്ക്കുന്നത് ആളുകൾക്ക് കാലുകൾ സൗകര്യപ്രദമായി വച്ച് യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്നും ആർടിഒ ചൂണ്ടിക്കാട്ടുന്നു.