അപകടത്തിനു കാരണം അശ്രദ്ധ; കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരേ കേസ്

ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
Kannur school bus accident case against driver
അപകടത്തിനു കാരണം അശ്രദ്ധ; കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരേ കേസ്
Updated on

കണ്ണൂർ: വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരേ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രതകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബസിന്‍റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ല. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് നേരത്തെ തള്ളിയിരുന്നു. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും പറയുന്നത്.

കുറുമാത്തൂർ ചിന്മയ സ്കൂൾ ബസാണ് ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി നേദ്യ എസ്. രാജേഷ് (11) മരണമടഞ്ഞിരുന്നു. തുറന്നിരുന്ന ജനൽ വഴി കുട്ടി തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ‍്യാർഥിനി നേദ‍്യയുടെ സംസ്കാരം വ‍്യാഴാഴ്ച നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com