

സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാം സ്ഥാനത്ത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം തിരിച്ചുപിടിച്ച് കണ്ണൂർ. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ നേട്ടം. കോഴിക്കോട് മൂന്നാം സ്ഥാനം സ്വന്തമാക്കി.
കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ 1023 പോയിന്‍റോടെ സ്വന്തമാക്കിയത്. തൃശൂർ 1018 പോയിന്‍റുകൾ നേടി. സ്വന്തം തട്ടകത്തിൽ തന്നെ തൃശൂരിനെ മലർത്തിയടിച്ചാണ് കണ്ണൂരിന്‍റെ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. 1013 പോയിന്‍റാണ് കോഴിക്കോട് ജില്ലക്കുള്ളത്. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.
തൃശൂരിൽ അരങ്ങേറിയ കലാമാമാങ്കത്തിന് വൈകിട്ട് സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. മോഹൻലാൽ മുഖ്യാതിഥിയായി എത്തും.