
ചൊവ്വാഴ്ച ആരംഭിച്ച അധിക സർവീസുകൾ ഉത്രാടം ദിനമായ വ്യാഴാഴ്ച വരെ തുടരും. തിരുവോണ ദിവസം മുതൽ മടക്കയാത്രയ്ക്കും സ്പെഷൽ സര്‍വീസുകൾ.
Representative image
തിരുവനന്തപുരം: ഓണക്കാലത്തെ ബംഗളൂരു മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് സ്ഥിരം സർവീസുകൾ കൂടാതെ 90 അധിക സർവീസുകൾ കൂടി രംഗത്തിറക്കി കർണാടക ആർടിസി. ചൊവ്വാഴ്ച ആരംഭിച്ച അധിക സർവീസുകൾ ഉത്രാടം ദിനമായ വ്യാഴാഴ്ച വരെ തുടരും. തിരുവോണ ദിവസം മുതൽ മടക്കയാത്രയ്ക്കും സ്പെഷൽ സര്‍വീസുകൾ ഉണ്ടാകും.
മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ.
ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക. മറ്റ് പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കർണാടക ആര്‍ടിസി വ്യക്തമാക്കി.
കെഎസ്ആർടിസി ബസുകളിലും ട്രെയ്‌നുകളിലും സീറ്റില്ലാതായതോടെ ഓണം ആഘോഷിക്കാനെത്താൻ ബുദ്ധിമുട്ടിയിരുന്ന ബംഗളൂരു മലയാളികൾ കെ.സി. വേണുഗോപാൽ എംപിയോട് പരാതി അറിയിച്ചിരുന്നു. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി വേണുഗോപാല്‍ ചർച്ച നടത്തിയതിനെ തുടർന്നാണ് അധിക സർവീസുകൾ അനുവദിച്ചത്.
ട്രെയ്നിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ വലിയ ദുരിതമാണ് മലയാളികള്‍ ഉള്‍പ്പെടെ നേരിട്ടത്. തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍പ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്.
ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ബസ് സ്റ്റേഷൻ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏർപ്പെടുത്തി. നാലോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉൾപ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകൾ ഒന്നിച്ചെടുക്കുന്നവർക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം ഏഴിന് മടക്കയാത്രയ്ക്കായി ഒരുക്കിയ പ്രത്യേക സർവീസ് ബസുകളും കർണാടക ആർടിസി വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. കര്‍ണാടക ആര്‍ടിസിസിയുടെ ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസ് നടത്തുക.