'കെഎസ്ആർടിസി' ചുരുക്കെഴുത്ത് കർണാടകയ്ക്കും ഉപയോഗിക്കാം: മദ്രാസ് ഹൈക്കോടതി

പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിനു മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി.
KSRTC
KSRTCRepresentative image

ചെന്നൈ: സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തു കർണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിനു മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കേരളം നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. മലയാളം അടക്കം ഭാഷകളിൽ സ്ഥലപ്പേര് എഴുതുന്നതിനാൽ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.

2021ൽ കേരളത്തിന് അനുകൂലമായി രജിസ്ട്രി വിധിച്ച ശേഷവും കർണാടകം കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു. പുതിയ ഉത്തരവ് കേരള ആർടിസിക്ക് സാമ്പത്തികപരമായി തിരിച്ചടിയാകും. കെഎസ്ആർടിസി എന്ന ഡൊമെയ്ൻ പേര് കർണാടകം കൈവശം വച്ചിരിക്കുന്നതിനാൽ ഓൺലൈൻ ബുക്കിങ് കേരളത്തിന്‌ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.

കർണാടകത്തിലെയും കേരളത്തിലെയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെഎസ്ആർടിസി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014ൽ കർണാടക നോട്ടിസ് അയയ്ക്കുകയായിരുന്നു. തുടർന്ന് അന്നത്തെ കെഎസ്ആർടിസി സിഎംഡി അന്തരിച്ച ആന്‍റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഒഫ് ട്രേഡ്മാർക്കിൽ കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു.

അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാണെന്ന് 2021ൽ ഉത്തരവ് വന്നു. ട്രേഡ് മാർക്ക്സ് ആക്റ്റ് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക്‌ ഒഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com