കേരളത്തിന്‍റെ ഡൽഹി സമരത്തിന് തമിഴ്‌നാടിന്‍റെയും കർണാടകയുടെയും പിന്തുണ

എം.കെ. സ്റ്റാലിൻ നേരിട്ട് പങ്കെടുത്തേക്കും. രാഷ്‌ട്രീയ വ്യത്യാസം നോക്കാതെ പിന്തുണയ്ക്കുന്നു എന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.File photo

തിരുവനന്തപുരം: കേരളം ഡൽഹിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് സംബന്ധിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തിന്‍റെ സമരത്തെ പിന്തുണയ്ക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. വിജയകുമാറും അറിയിച്ചു.

സംസ്ഥാന സർക്കാരുകളുടെ ധനകാര്യ സ്വയംഭരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നതിനെതിരേ സുപ്രീം കോടതിയിൽ കേരള സർക്കാരിന്‍റെ ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. ഡൽഹി സമരത്തിന് ക്ഷണിച്ചുകൊണ്ട് പിണറായി എഴുതിയ കത്ത് മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറുകയായിരുന്നു.

തെക്കേ ഇന്ത്യയില്‍ ഡിഎംകെയും പിണറായിയും, കിഴക്ക് മമതയും, കൂടാതെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കളെല്ലാവരും സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച്‌ നിൽക്കുകയാണെന്ന് സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി. ""സഹകരണ ഫെഡറലിസം സ്ഥാപിച്ച്‌, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നതുവരെ പ്രതിഷേധം അവസാനിക്കില്ല. സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്‍റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റുകളായ ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്''- സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ചയാണ് കേന്ദ്ര സർക്കാരിനെതിരേ കേരള മന്ത്രിസഭയുടെയും എൽഡിഎഫ് എംപി, എംഎൽഎമാരുടെയും പ്രതിഷേധം ഡൽഹി ജന്തർ മന്ദറിൽ നടക്കുന്നത്. സംസ്ഥാന കോൺഗ്രസ് ഈ സമരത്തോട് മുഖം തിരിച്ചെങ്കിലും ഇതേ ആവശ്യം ഉന്നയിച്ച് കർണാടകത്തിലെ കോൺഗ്രസ് സർക്കാരും ഡൽഹി സമരം പ്രഖ്യാപിച്ചത് യുഡിഎഫിന് തിരിച്ചടിയായി.

കേന്ദ്ര അവഗണനയുടെ കാര്യത്തിൽ കേരളത്തിനു സമാനമായ അവസ്ഥയാണ് കർണാടകയിലുമുള്ളതെന്നും, ഇക്കാര്യത്തിൽ രാഷ്‌ട്രീയ വ്യത്യാസം നോക്കാതെ കേരള സർക്കാരിനെ പിന്തുണയ്ക്കുകയാണെന്നും കോൺഗ്രസ് നേതാവും കർണാടക ഉമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com