
യൂത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; കാർത്തികപ്പള്ളി സ്കൂളിൽ സംഘർഷം
ആലപ്പുഴ: കാർത്തികപ്പള്ളി സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.
കോൺഗ്രസിന്‍റെ പ്രതിഷേധ പ്രകടനം സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സ്കൂൾ പരിസരത്ത് വച്ച് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
സ്കൂൾ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രങ്ങളും കസേരകളും പ്രവർത്തകർ വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകനും ഒരു മാധ‍്യമപ്രവർത്തകനും പരുക്കേറ്റിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച രാവിലെയോടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ‍്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ തടഞ്ഞത് തർക്കത്തിന് ഇടയാക്കിയിരുന്നു.
മാധ‍്യമപ്രവർത്തകർ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ‍്യപ്പെട്ടു. എന്നാൽ സ്കൂളിലെ പ്രധാന അധ‍്യാപകൻ പറയാതെ പുറത്തു പോകില്ലെന്നായിരുന്നു മാധ‍്യമപ്രവർത്തകരുടെ നിലപാട്. തുടർന്ന് മാധ‍്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകർ ശ്രമിച്ചിരുന്നു.