അജ്മലും ശ്രീക്കുട്ടിയും നൽകിയത് പരസ്‌പര വിരുദ്ധ മൊഴികൾ

അപകടമുണ്ടായ ശേഷം കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ വീട്ടമ്മ വാഹനത്തിന്‍റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്ന് അജ്മല്‍
ശ്രീക്കുട്ടിയും അജ്മലും Sreekkutty and Ajmal
ശ്രീക്കുട്ടിയും അജ്മലും
Updated on

കരുനാഗപ്പള്ളി: തിരുവോണ ദിവസം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ മദ്യലഹരിയിൽ കുഞ്ഞുമോൾ എന്ന വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കസ്റ്റഡി കാലാവധിയില്‍ പൊലീസിനു നല്‍കിയത് പരസ്പരവിരുദ്ധമായ മൊഴികള്‍.

മദ്യം കഴിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചെന്നും നിർബന്ധിച്ചപ്പോൾ മദ്യപിച്ചെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയത് എന്നായിരുന്നു അജ്മലിന്‍റെ മൊഴി. സംഭവം നടന്നതിന്‍റെ തലേന്ന് ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് രാസലഹരി ഉപയോഗിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരുടെയും വൈദ്യ പരിശോധനാഫലത്തിലാണ് രാസലഹരി ഉപയോഗിച്ചെന്ന വിവരം വ്യക്തമായത്.

പരസ്പര വിരുദ്ധമായ മൊഴികള്‍ രക്ഷപ്പെടാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്ന് അന്വേഷണസംഘം കരുതുന്നു. അജ്മലിനെ തള്ളിപ്പറയുമ്പോള്‍ നിരപരാധിത്വം കണക്കിലെടുത്ത് ശ്രീക്കുട്ടിക്ക് വേഗം ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. പുറത്തിറങ്ങിയ ശേഷം അജ്മലിനു വേണ്ടി രംഗത്തിറങ്ങുക എന്നതാവാം ശ്രീക്കുട്ടിയുടെ ലക്ഷ്യമെന്നും സൂചന. അപകടമുണ്ടായ ശേഷം കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ വീട്ടമ്മ വാഹനത്തിന്‍റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്ന് അജ്മല്‍ പൊലീസിനോടു പറഞ്ഞു. നാട്ടുകാര്‍ അസഭ്യം പറഞ്ഞ് ഓടിയെത്തിയപ്പോള്‍ മര്‍ദിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്തതെന്നും അജ്മല്‍. ഇക്കാര്യത്തിൽ ശ്രീക്കുട്ടിയും ഇതേ മൊഴിയാണ് നല്‍കിയത്.

അതേസമയം, അജ്മലിനെതിരേ കാര്‍ ഉടമയുടെ അമ്മ ശോഭ രംഗത്തു വന്നു. മകന്‍റെ കാര്‍ അജ്മല്‍ മനഃപൂര്‍വം എടുത്തുകൊണ്ടു പോവുകയായിരുന്നു. നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തെ പരിചയമാണ് അജ്മലുമായുള്ളത്. തിരുവോണ ദിവസം കരുനാഗപ്പള്ളിയില്‍ വച്ച് കണ്ടതിന്‍റെ പേരിലാണ് അജ്മല്‍ കാര്‍ കൊണ്ടുപോയതെന്നും ശോഭ. ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

Trending

No stories found.

Latest News

No stories found.