
രാജീവ് മുല്ലപ്പള്ളി
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള ക്യാൻസർ ബാധിതനായ മാപ്രാണം സ്വദേശി ജോഷി തിരുവോണനാളിൽ ബാങ്കിനെതിരെ വീട്ടുമുറ്റത്ത് നിരാഹാര സമരം നടത്തി.
തന്‍റെ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യവും ഒപ്പം കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണവുമെല്ലാമടക്കം 90 ലക്ഷം രൂപയുടെ നിക്ഷേപമാണ് ജോഷിക്ക് കരുവന്നൂർ ബാങ്കിൽ ഉണ്ടായിരുന്നത്. നേരത്തെ അസുഖബാധിതനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഈ നിക്ഷേപത്തുകയിൽ നിന്ന് 12 ലക്ഷം രൂപ ജോഷിക്ക് ആശുപത്രിയിലെത്തി കൈമാറിയിരുന്നു. എന്നാൽ വീണ്ടും വോക്കൽകോഡിന് ട്യൂമർ ബാധിച്ച് ജീവനോപാധി പോലും നഷ്ടപ്പെട്ട അവസ്ഥയിൽ ജീവിക്കാനും തുടർചികിത്സയ്ക്കുമായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന ബാക്കി തുക കൂടി പിൻവലിക്കാൻ ജോഷി എത്തിയപ്പോൾ ജീവനക്കാരുടെ ഭാഗത്തുനിന്നു വളരെ മോശം പ്രതികരണമാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നാണ് ജോഷി പറയുന്നത്.
സഹകരണ മേഖലയിൽ തനിക്കുള്ള വിശ്വാസം നഷ്ടമായെന്നും താൻ നിക്ഷേപിച്ച തുക പലിശ സഹിതം മടക്കി നൽകണമെന്നുമാണ് ജോഷി ഇപ്പോഴും ആവശ്യപ്പെടുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ സൂചനാ സമരം വൈകീട്ട് 7 മണിക്കാണ് സമാപിച്ചത്. നിരവധി പേരാണ് ജോഷിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീട്ടിൽ സന്ദർശനം നടത്തിയത്.
ഇതിനിടെ, കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ നേതൃത്വത്തിൽ പട്ടിണി സമരവും സംഘടിപ്പിച്ചു.
തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാവിലെ 7 മണിക്ക് ബാങ്കിനു മുമ്പിൽ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് ആരംഭിച്ച സമരം ബിജെപി മധ്യമേഖലാ വൈസ് പ്രസിഡന്‍റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.