
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.ആർ. അരവിന്ദാക്ഷന്‍റെയും സി.കെ. ജിൽസിന്‍റെയും ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി. എറണാകുളം കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റിയത്.
സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകൾ കൂടി പരിശോധിച്ചാണ് ജാമ്യാക്ഷേയിൽ മറ്റന്നാൾ വിധി പറയുക.
അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും കേസ് ഡയറിയും ഇഡി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാൽ അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണമിപ്പോൾ നിർണായക ഘട്ടത്തിലാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ വലിയ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം.