കരുവന്നൂർ മോഡൽ ബാങ്ക് തട്ടിപ്പ് കുട്ടനല്ലൂരിലും

സഹകരണ ബാങ്കിൽ പണയ വസ്തുവില്‍ തുക അധികമായെഴുതി ഒരു കോടിയുടെ വായ്പാ തട്ടിപ്പെന്ന് ആരോപണം
Scam, symbolic image
Scam, symbolic image

തൃശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ പണയവസ്തുവില്‍ തുക അധികമായി എഴുതി ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി റിസോര്‍ട്ട് ഉടമ രായിരത്ത് സുധാകരന്‍. നാലു പേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി തട്ടിയെടുത്തെന്നാണ് പരാതി.

അനധികൃതമായി ഒരു കോടി കൂടി എഴുതിച്ചേര്‍ത്തത് താന്‍ അറിയാതെയാണെന്നും വ്യക്തമാക്കി. ബാങ്ക് അധികൃതരെ സമീപിച്ചതോടെ എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം നല്‍കിയെന്നും പിന്നീട് കൈമലര്‍ത്തിയെന്നും സുധാകരൻ ആരോപിച്ചു. ഇതോടെ പൊലീസിനു പരാതി നല്‍കി. വായ്പ ടേക്ക്ഓവറിന്‍റെ പേരിലാണ് തട്ടിപ്പ് നടന്നത്. 60 ലക്ഷം രൂപയ്്ക്ക് പണയംവെച്ച ഭൂമിയില്‍ 1.60 കോടിയുടെ വായ്പ എന്ന് ബാങ്ക് അധികൃതര്‍ എഴുതിച്ചേര്‍ത്തെന്നാണ് ആക്ഷേപം.

നാലു വ്യാജ പേരുകളിലാണ് ഒരുകോടി രൂപയുടെ വായ്പ തന്‍റെ അറിവു കൂടാതെ ബാങ്ക് അനുവദിച്ചത്. പിന്നീട് തട്ടിപ്പ് അറിഞ്ഞ് പരാതിപ്പെട്ടപ്പോള്‍ കേസ് നല്‍കേണ്ടെന്നും എല്ലാം ശരിയാക്കാമെന്നായിരുന്നു ലഭിച്ച ഉറപ്പ്. തന്‍റെ പേരിലുള്ള റിസോര്‍ട്ട് വില്‍പനയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. വില്‍ക്കുന്ന സമയത്ത് സിഎസ്ബി ബാങ്കില്‍ 72.5 ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നു. ബാങ്ക് ബാധ്യത തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്ന് പറഞ്ഞ് മാള സ്വദേശി അനില്‍ പി. മേനോന്‍ സമീപിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു. മൂന്നരക്കോടി രൂപയുടേതായിരുന്നു ഇടപാട്. അനിലിന് സ്വാധീനമുള്ള കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുക്കാമെന്ന് പറഞ്ഞാണ് വായ്പ ടേക്ക്ഓവര്‍ നടത്തിയത്.

വലിയ തുകയുടെ ഇടപാടായതിനാല്‍ ഇതിന് സമ്മതിച്ചു. സുധാകരന്‍, അനില്‍, ഇയാളുടെ ഭാര്യ മിനി എന്നിവരുടെ പേരിലാണ് 2016 ആഗസ്റ്റില്‍ വായ്പയെടുത്തത്. അനിലിന്‍റേയും ഭാര്യയുടേയും പേരില്‍ 50 ലക്ഷം രൂപയും തന്‍റെ പേരില്‍ 10 ലക്ഷം രൂപയും കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചു. ബാങ്കില്‍ 12.5 ലക്ഷം രൂപ സുധാകരന്‍ പണമായി നല്‍കി സിഎസ്ബിയിലെ വായ്പ അടച്ചു തീര്‍ത്തു. കുട്ടനെല്ലൂരില്‍ ഈടായി നല്‍കിയത് റിസോര്‍ട്ട് ഭൂമിയുടെ രേഖകളാണ്.

10,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടവും 80 സെന്‍റ് ഭൂമിയായിരുന്നു റിസോര്‍ട്ടിന്‍റേത്. രേഖകളില്‍ ഒപ്പിട്ട് നല്‍കിയത് 60 ലക്ഷം രൂപയുടെ വായ്പയ്ക്കായിരുന്നു. താനറിയാതെ ഒരു കോടി രൂപ കൂടി വായ്പ നല്‍കിയത് വ്യാജ വിലാസത്തിലാണ്. മറ്റൊരു താലൂക്കിലുള്ളയാളുടെ കുടുംബാംഗങ്ങളുടെ പേരിലായിരുന്നു വായ്പ. പലിശ അടച്ചപ്പോള്‍ രശീതു നല്‍കിയത് വ്യാജവിലാസത്തിലുള്ളവരുടെ പേരിലാണ്. തുടര്‍ന്ന് കുടിക്കിട സര്‍ട്ടിഫിക്കറ്റെടുത്തപ്പോഴാണ് മറ്റുപേരുകള്‍ കൂടി എഴുതിവെച്ചെന്നു വ്യക്തമായത്. സിപിഎം ഭരിക്കുന്ന ബാങ്കാണെന്നതിനാല്‍ പ്രശ്‌നം തീര്‍പ്പാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ പാര്‍ട്ടിഓഫീസില്‍ അനിലിനെ കണ്ടിരുന്നു. എം.എം വര്‍ഗീസിനെ ബന്ധപ്പെട്ടത് നാട്ടുകാരന്‍ കൂടിയായതിനാലാണെന്ന് സുധാകരൻ പറഞ്ഞു. തുക തിരികെ നല്‍കാമെന്നു അനില്‍ സമ്മതിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അതിനിടെ കോടതിയില്‍ ഹര്‍ജി നല്‍കി തല്‍ക്കാലത്തേക്ക് ബാങ്കിന്‍റെ ജപ്തി നടപടികള്‍ സ്‌റ്റേ ചെയ്തു. താന്‍ അറിയാതെ ബാങ്കില്‍ നിന്നു വായ്പ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നു സഹകരണബാങ്ക് പ്രസിഡന്‍റിനെ നേരില്‍കണ്ട് ചോദിച്ചിട്ടും കാര്യമുണ്ടായില്ല. അനിലിന്‍റെ ആവശ്യത്തിനാണ് വായ്പ അധികമായി അനുവദിച്ചതെന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. ഉടനെ വിഷയം തീര്‍ക്കാമെന്നും ഉറപ്പു നല്‍കി.

കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ വായ്പാതട്ടിപ്പുകളുടെ ഇരയാണ് സുധാകരനെന്ന് പത്രസമ്മേളനത്തില്‍ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ സുധാകരന്‍റെ ആരോപണം കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് നിഷേധിച്ചു. വ്യാജന്മാര്‍ക്ക് വായ്പ നല്‍കുന്ന രീതി ബാങ്കിനില്ലെന്നാണ് അധികൃതരുടെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com