
കാസർഗോഡ്: പ്രവാസിയായ വ്യവസായി എം.സി. അബ്ദുൽ ഗഫൂറിന്‍റെ (ഗഫൂർ ഹാജി-55) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദുർമന്ത്രവാദിനി അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്‍റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശ പ്രകാരം ഡിസിആർബി ഡിവൈഎസ്പി കെ.ജെ. ജോൺസൺ, ബേക്കൽ ഇൻസ്പെക്റ്റർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മന്ത്രവാദത്തിലൂടെ സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് ഇവർ ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായ അബ്ദുൽ ഗഫൂറിനെ വിശ്വസിപ്പിച്ചിരുന്നു. ഇതു പ്രകാരം അബ്ദുൽ ഗഫൂർ 596 പവൻ സ്വർണം ഇവർക്കു നൽകി. ഇതു തിരിച്ചു നൽകാതിരിക്കാനായാണ് സംഘം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അബ്ദുൽ ഗഫൂറിന്‍റെ വീട്ടിലെത്തിയാണ് തട്ടിപ്പു സംഘം മന്ത്രവാദം നടത്തിയത്. വ്യവസായി നൽകിയ സ്വർണം ഒരു മുറിയിൽ വച്ച് അടച്ചു. തങ്ങളറിയാതെ മുറി തുറക്കരുതെന്നും നിർദേശിച്ചിരുന്നു.
2023 ഏപ്രിൽ 14നാണ് അബ്ദുൽ ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. സ്വര്‍ണത്തിന്‍റെ കണക്കെടുത്തപ്പോള്‍ ഗഫൂർ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളില്‍നിന്ന് വായ്പ വാങ്ങിയതും ഉൾപ്പെടെ ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നല്‍കി.
ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തി. തൊഴിലില്ലാത്ത സ്ത്രീകളായ ഇവർ വാടക വീടുകളിലാണു താമസിക്കുന്നതെന്നും ആഡംബര കാറുകളിലാണു യാത്രകളൊന്നും വാഹനത്തിനു വായ്പ ഇല്ലെന്നും കണ്ടെത്തി. മരിച്ചയാളും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ സമൂഹമാധ്യമ സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തു. മുൻപ് ഹണിട്രാപ്പിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ജിന്നുമ്മയും ഭർത്താവും റിമാൻഡിലായിരുന്നു. ജോലിക്കുനിന്ന വീട്ടിൽനിന്നു സ്വർണം കവർന്ന കേസിലും ജിന്നുമ്മ നേരത്തേ റിമാൻഡിലായിരുന്നു.