
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ആൾമാറാട്ടക്കേസിൽ രണ്ടു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കോളെജ് മുൻ പ്രിൻസിപ്പൽ ജി. ജെ. ഷൈജു, എസ്എഫ്ഐ നേതാവ് എ. വിശാഖ് എന്നിവർക്കാണു ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണു തീരുമാനം.
കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യുയുസി) തെരഞ്ഞെടുക്കപ്പെട്ടതു അനഘ എന്ന വിദ്യാർഥിനിയായിരുന്നു. എന്നാൽ യുയുസിയുടെ പേര് സർവകലാശാലയെ അറിയിച്ചപ്പോൾ, അനഘയ്ക്കു പകരം എസ്എഫ്ഐ നേതാവായ വിശാഖിന്റെ പേര് തിരുകിക്കയറ്റി. അന്നു കോളെജ് പ്രിൻസിപ്പലായിരുന്ന ഷൈജുവാണു വിശാഖിന്റെ പേര് സർവകലാശാലയ്ക്കു കൈമാറിയത്.
തുടർന്നു സർവകലാശാലയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തു. കേസെടുത്തതിനു പിന്നാലെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു സർവകലാശാല പുറത്താക്കി. പ്രതികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസ് ഡയറി പരിശോധിച്ച ശേഷം ഹൈക്കോടതി ജാമ്യ ഹർജി തള്ളുകയും പ്രതികളോടു കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. കേസിൽ എസ്എഫ്ഐ നേതാവ് വിശാഖിന്റെ പങ്ക് ഗുരുതരമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു. വിശാഖ് പ്രേരിപ്പിക്കാതെ പ്രിൻസിപ്പൽ ഇത്തരമൊരു പ്രവർത്തിക്കു മുതിരില്ലെന്നും കോടതി പറഞ്ഞു.