കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ടം; വിശാഖിന്‍റെ അറസ്റ്റ് തടയാതെ ഹൈക്കോടതി
കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വിശാഖിന്‍റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കായി മാറ്റി.
ആൾമാറാട്ടം നടത്തിയതിൽ ഉത്തരവാദി കോളെജ് പ്രിൻസിപ്പലാണെന്നാണ് വിശാഖ് കോടതിയിൽ വാദിച്ചത്. എന്നാൽ, വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്തുകാര്യമാണുള്ളതെന്ന് കോടതി ആരാഞ്ഞു.
ആൾമാറാട്ട കേസിൽ ഒന്നാം പ്രതി കോളെജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവും രണ്ടാം പ്രതി എസ്എഫ്ഐ നേതാവ് എ. വിശാഖുമാണ്.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആൾമാറാട്ടം. വ്യാജ രേഖ ചമയ്ക്കൽ , കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിങ്ങനെയാണ് കേസുകൾ.
കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയുടെ പേരിന്‍റെ സ്ഥാനത്ത് വിശാഖിന്‍റെ പേര് ചേർത്ത് യൂണിവേഴിസിറ്റിക്ക് പട്ടിക നൽകുകയായിരുന്നു.