
ആദിശേഖർ, പ്രിയരഞ്ജൻ
തിരുവനന്തപുരം: ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ‍്യം ചെയ്തതിന് 15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ പൂവച്ചാൽ സ്വദേശി പ്രിയരഞ്ജൻ കുറ്റകാരനെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് കണ്ടെത്തൽ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിയുടെ ശിക്ഷ പ്രഖ‍്യാപിക്കും. 2023 ഓഗസ്റ്റ് 30ന് ആയിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പ്രതിയായ പ്രിയരഞ്ജൻ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് 15 കാരനായ ആദിശേഖർ ചോദ‍്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ‍്യത്തിൽ ആദിശേഖറിനെ കാറിടിച്ച് കൊന്നുവെന്നാണ് കേസ്.
സംഭവം അപകടമരണമെന്നാണ് ആദ‍്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ‍്യങ്ങളാണ് നിർണായക തെളിവായത്. തുടർന്ന് നരഹത‍്യക്കുറ്റം ചുമത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.