

കെ.ബി. ഗണേഷ് കുമാർ
പത്തനംതിട്ട: മുൻപ് അമൃതാനന്ദമയിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിനെ ദുഷ്ടന്‍റെയും ഭീരുവിന്‍റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നു പറഞ്ഞ ഗണേഷ് കുമാർ എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റി എന്ന നിലയ്ക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നു കൂട്ടിച്ചേർത്തു.
ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കാൻ വേണ്ടിയാണ് ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. നക്കാപ്പിച്ച കണ്ട് നായര് വീഴരുതെന്നും ചങ്ങനാശ്ശേരിയിലെ ചന്ദനക്കൂട്ടം നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
കൂടെ നിൽക്കുന്നവരുടെ കഴുത്തിന് കത്തിവയ്ക്കുന്നവരാണ് ഇന്ന് എൻഎസ്എസിന്‍റെ നേതൃസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന് സമാനമാണ് സുകുമാരൻ നായരെന്നും ഇതേ ചിത്രത്തിലെ ഹരിശ്രീ അശോകന്‍റെ കഥാപാത്രത്തെ പോലെയാണ് എൻഎസ്എസിലെ താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.