"രാഹുലിന്‍റെ വാഗ്ദാനം കേരളത്തിൽ 2 മാസം നൽകിയാൽ പിന്നെ കെഎസ്ആർടിസി ഉണ്ടാവില്ല"; കെ.ബി. ഗണേഷ് കുമാർ

സൗജന്യ യാത്ര അനുവദിച്ചാൽ അത് പാവപ്പെട്ടവർക്കോ ബിപിഎൽ കാർഡുള്ളവർക്കോ ആയിരിക്കണം
kb ganesh kumar against rahul gandhi's election guarantee
KB Ganesh Kumar

file image

Updated on

തിരുവനന്തപുരം: കർണാടകയിലെ എല്ലാ സ്ത്രീകൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാണെന്ന് പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പോയെന്നും, എന്നാൽ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.

യുഡിഎഫ് അധികാരത്തിലെത്തി രാഹുൽ സ്ത്രീകൾക്കു നൽകിയ വാഗ്ദാനം കേരളത്തിൽ രണ്ടു മാസം നൽകിയാൽ, കെഎസ്ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല, കെഎസ്ആർടിസിയും ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല. എന്നാൽ, ദൈനംദിന നഷ്ടം കുറച്ചു. ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങി.

പെൻഷൻകാരുടെ കുടിശിക കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.

സൗജന്യ യാത്ര അനുവദിച്ചാൽ അത് പാവപ്പെട്ടവർക്കോ ബിപിഎൽ കാർഡുള്ളവർക്കോ ആയിരിക്കണം. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകൾക്കോ, 40,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്കോ സൗജന്യ യാത്ര നൽകേണ്ട ആവശ്യമുണ്ടോ?

ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2,000 രൂപയാക്കിയപ്പോൾ അത് വോട്ട് കിട്ടാനുള്ള കൈക്കൂലിയാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ യുഡിഎഫ് കാലത്ത് പെൻഷൻ 600 രൂപയായി വർധിപ്പിച്ചപ്പോൾ അത് 18 മാസം നൽകാതെ കുടിശിക വരുത്തുകയായിരുന്നു. ഇപ്പോൾ പെൻഷൻ 3,000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്- ഗണേഷ് കുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com