

കെ.ബി.ഗണേഷ് കുമാർ
file image
പത്തനംതിട്ട: കേരള സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിയോട് മൂന്നാറിൽ വച്ച് ടാക്സി ഡ്രൈവർമാർ മോശമായി പെരുമാറിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഡ്രൈവർമാർക്ക് ഒത്താശ ചെയ്ത പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകുമെന്നും മന്ത്രി വ‍്യക്തമാക്കി.
മുംബൈ സ്വദേശിനിയായ ജാൻവി എന്ന യുവതിക്കായിരുന്നു ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ പ്രാദേശിക ടാക്സി ഡ്രൈവർമാരിൽ നിന്നും മോശം അനുഭവമുണ്ടായത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയിലും ആലപ്പുഴയിലും യാത്ര ചെയ്ത ശേഷമാണ് ജാൻവി മൂന്നാറിലെത്തിയത്. എന്നാൽ മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം അപ്രതീക്ഷിതമായി തടയുകയായിരുന്നു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ കടത്തിവിടൂ എന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി പൊലീസിന്‍റെ സഹായം തേടിയെങ്കിലും പൊലീസിനും സമാനമായ നിലപാട് അറിയിക്കുകയും ടാക്സി വാഹനത്തിൽ സഞ്ചരിക്കാൻ നിർദേശിക്കുകയായിരുന്നെന്നും ജാൻവി പറയുന്നു. സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ 2 പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവർക്കെതിരേയായിരുന്നു നടപടി .