''ഫണ്ട് തരാത്ത ഏക എംഎൽഎ...'', സഭയിൽ പേര് വെളിപ്പെടുത്തി ഗണേഷ് | KB Ganesh Kumar on KSRTC computerization

എ. വിൻസെന്‍റ്, കോവളം എംഎൽഎ

''ഫണ്ട് തരാത്ത ഏക എംഎൽഎ...'', പേര് വെളിപ്പെടുത്തി ഗണേഷ്; നിഷേധിച്ച് എംഎൽഎ

കെഎസ്ആർടിസി ഡിപ്പൊകളിൽ കംപ്യൂട്ടർ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിക്കാത്ത് കോവളം എംഎൽഎ മാത്രം
Published on

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പൊകളിൽ കംപ്യൂട്ടർ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിക്കാത്ത് കോവളം എംഎൽഎ എം. വിൻസെന്‍റ് മാത്രമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ വിമർശനം.

തൊഴിലാളി സംഘടനയുടെ നേതാവാണെങ്കിലും കെഎസ്ആർ‌‌ടിസിയോട് ഒരു സ്നേഹവുമില്ലാത്തയാളാണ് വിൻസെന്‍റ്.

വിഴിഞ്ഞം കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണത്തിന് യാതൊരു ഇടപെടലും നടത്തിയിട്ടില്ല. പിന്നീട് ഹോട്ടൽ ഉടമയുടെ സ്പോൺസർഷിപ്പിലാണ് സ്റ്റാൻഡ് നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, നിയമസഭയിലെ ചോദ്യോത്തരവേളയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ തനിക്കെതിരായി നടത്തിയ പരാമർശങ്ങൾ പച്ചക്കള്ളമാണെന്ന് എം. വിൻസെന്‍റ് എംഎൽഎ പിന്നീട് പ്രതികരിച്ചു.

ചോദ്യങ്ങൾക്കു നൽകിയ മറുപടിയിൽ പച്ചക്കള്ളമാണു പറഞ്ഞത്. സ്വന്തം നിയോജകമണ്ഡലത്തിലെ കെഎസ്ആർടിസി ബസ് ഡിപ്പൊകളുടെ നവീകരണത്തിന് ഒരു രൂപ പോലും നൽകാത്ത ഒരേയൊരു എംഎൽഎ കോവളം എംഎൽഎ ആണെന്നും ബജറ്റിൽ അനുവദിച്ച ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിർമാണത്തിന് യാതൊരു മുൻകൈയും എടുത്തിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ, കോവളം നിയോജകമണ്ഡലത്തിലുള്ള രണ്ട് കെഎസ്ആർടിസി ഡിപ്പൊകളിൽ ഒന്നായ പൂവാറിൽ പുതിയ കെട്ടിട നിർമാണത്തിന് 70 ലക്ഷം രൂപയും വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയുടെ ഉള്ളിൽ റോഡ് കോൺക്രീറ്റിനും വർക്ക്ഷോപ്പ് നവീകരണത്തിനുമായി 14.05 ലക്ഷം രൂപയും അനുവദിച്ച് അതിന്‍റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളതാണെന്ന് എംഎൽഎ പറഞ്ഞു.

ധനമന്ത്രി അവതരിപ്പിച്ച 2023-24ലെ സംസ്ഥാന ബജറ്റിൽ അഞ്ച് കെഎസ്ആർടിസി ഡിപ്പൊകളിൽ നവീകരണത്തിന് തുക അനുവദിച്ചതിൽ ഒരെണ്ണം വിഴിഞ്ഞം ഡിപ്പൊ ആയിരുന്നു. ഈ ബസ് ടെർമിനൽ പദ്ധതി നടപ്പാക്കുന്നതിനായി നിരന്തരമായി കെഎസ്ആർടിസിയുടെ സിഎംഡിയും മറ്റു ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെടുകയും ഒടുവിലായി കഴിഞ്ഞ മാസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം കൂടുകയും ചെയ്തതാണെന്നും വിൻസെന്‍റ് ചൂണ്ടിക്കാട്ടി.

കള്ളം പറയാൻ നിയമസഭ വേദി ഉപയോഗിച്ച ഗതാഗത മന്ത്രി തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് വിൻസെന്‍റ് ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com