വയ്‌ക്കേണ്ടത് റിയാസിന്‍റെ ചിത്രമല്ല ജി. സുധാകരന്‍റേത്; ഗണേഷ് കുമാർ

കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പരാമർശം
വയ്‌ക്കേണ്ടത് റിയാസിന്‍റെ ചിത്രമല്ല ജി. സുധാകരന്‍റേത്; ഗണേഷ് കുമാർ

കൊല്ലം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാർ.

വേണ്ടതൊന്നും തരില്ലെന്നു മാത്രമല്ല, തന്നെപ്പോലെ മുതിർന്ന എംഎൽഎമാരെ മന്ത്രി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അദ്ദേഹം വിമർശിച്ചത്.

ഈ റോഡിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന്‍റെ ചിത്രം സംഘാടകർ വച്ചിരുന്നു. എന്നാൽ, ഇവിടെ മുൻ മന്ത്രി ജി. സുധാകരന്‍റെ ചിത്രമാണ് വയ്‌ക്കേണ്ടതെന്നും റിയാസിന്‍റെ ചിത്രം വയ്‌ക്കേണ്ടിയിരുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

കൊവിഡ് ലോക്‌ഡൗൺകാലത്ത് ജി. സുധാകരന്‍റെ വീട്ടിൽ പോയപ്പോൾ ആദ്യം എതിർപ്പ് പറഞ്ഞു. പിന്നീട് ഹൽവ തരുകയും സ്നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരുകയുമായിരുന്നു. അദ്ദേഹത്തിനുള്ള നന്ദി കൈയടികളോടെ നാം അറിയിക്കണം. ജി. സുധാകരൻ ആവശ്യമായ പരിഗണന നൽകിയിരുന്നു.

പക്ഷേ, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ആവശ്യമുള്ളതൊന്നും നൽകുന്നില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നെപ്പോലെ സീനിയറായ ഒരു എംഎൽഎയോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാട് ശരിയല്ല. നിയമസഭയിൽ തുടർച്ചയായി ജയിച്ചുവന്നവർ അപൂർവമാണ്.

ഞാനും വി.ഡി. സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണ് അഞ്ച് തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവർ. സഭയിൽ സീനിയോറിറ്റിയുണ്ട്. അത് പരിഗണിക്കണം. പത്താനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതിൽ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com