'പുതിയ ബസ് വരുമെന്ന് പറഞ്ഞു... വന്നു'; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിച്ച് ഗണേഷ് കുമാർ

ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്
kb ganeshkumar drives new ksrtc superfast

'പുതിയ ബസ് വരുമെന്ന് പറഞ്ഞു... വന്നു'; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിച്ച് ഗണേഷ് കുമാർ

Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തലസ്ഥാനത്തെത്തി. ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തെത്തിച്ച ബസുകൾ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നേരിട്ടെത്തി ഓടിച്ചു നോക്കി.

ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ കൂടുതൽ ബസുകള്‍ എത്തുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. വിവിധ ഡിപ്പോകളിലെ നിലവിലെ പഴക്കം ചെന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ മാറ്റി ഇവ റൂട്ടിലേക്കിറങ്ങും. അതേസമയം, ബസിന്‍റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

കാലാനുസൃതമായ ഡിസൈനിന് പകരം പത്തുവര്‍ഷം പിന്നോട്ടടിക്കുന്ന തരത്തില്‍ മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബസുകളുടേതു പോലെ ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്‍റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഓട്ടോമൊബാൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസിന്‍റെ ബോഡി നിർമിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായി കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്.

ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ഇതിൽ ആദ്യ ഘട്ടമായി എത്തുന്ന 80 ബസുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. കൂടാതെ എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയാണ് വരാനുള്ളത്. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി ഒമ്പത് മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓർഡർ നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി ശമ്പളം മാസാവസാനം നൽകിയെന്ന് മന്ത്രി

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ആ മാസം അവസാനിക്കും മുമ്പ് നൽകാനായെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. തുടർച്ചയായി ഇത് നാലാം മാസമാണ് മാസാവസാനം അതതുമാസത്തെ ശമ്പളം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ശമ്പള വിതരണത്തിന് 80 കോടി രൂപ ആവശ്യമായി വന്നെന്നും അതത് മാസത്തെ ശമ്പളം ഒറ്റത്തവണയായി കൊടുക്കുന്നത് ഇത് 11ാം മാസമാണെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com