"അമ്മയില്ലാത്തവർക്കേതു വീട്?'' അമ്മയോർമയിൽ കെ.സി. വേണുഗോപാൽ

2020 നവംബറിലാണ് വേണുഗോപാലിന്‍റെ മാതാവ് കെ.സി. ജാനകി അമ്മ അന്തരിച്ചത്
kc venugopal about his mother memories

അമ്മയോർമയിൽ കെ.സി. വേണുഗോപാൽ

കെ.സി. വേണുഗോപാൽ ഫെയ്സ് ബുക്കിൽ പങ്കുവച്ച് ചിത്രം

Updated on

തിരുവനന്തപുരം: അമ്മയുടെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ. അമ്മയെക്കുറിച്ചാലോചിക്കുമ്പോഴൊക്കെയും താൻ ഒരു കൊച്ചുകുട്ടിയാണെന്നും അതുകൊണ്ടാവണം ആ ശൂന്യതയുമായി ഇന്നും പൊരുത്തപ്പെടാൻ കഴിയാതെ പോകുന്നതെന്നും കെ.സി. വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. അമ്മയുടെ വിയോഗത്തിന്‍റെ അഞ്ചാം വാർഷികത്തിലാണ് കെസിയുടെ വൈകാരിക കുറിപ്പ്.

2020 നവംബറിലാണ് വേണുഗോപാലിന്‍റെ മാതാവ് കെ.സി. ജാനകി അമ്മ (83) അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു മരണം. അമ്മയുടെ കാത്തിരിപ്പുകൾ ഒരു കുറ്റബോധം പോലെ ഉള്ളിൽ നീറുകയാണെന്ന് വേണുഗോപാൽ പറഞ്ഞു.

"എല്ലാ ആഘോഷങ്ങളുടെയും ഓരത്തു നിലയ്ക്കാത്ത കാത്തിരിപ്പുകളിലായിരുന്നു എനിക്ക് വേണ്ടി അമ്മ. വിദ്യാർഥി സംഘടനാ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഞാൻ നിലകൊള്ളുന്ന കാലത്തുപോലും അമ്മ കാത്തിരിക്കുമായിരുന്നു. ആ കാത്തിരിപ്പിനോട്‌ നീതി പുലർത്താൻ എനിക്ക് കഴിയാതെ പോയി, അക്കാലമത്രയും. ദിവസങ്ങളുടെ ഇടവേള മുറിച്ച് ഞാൻ കടന്നുചെല്ലുന്ന നിമിഷം എന്നെ ചേർത്തുപിടിക്കാറുണ്ട് അമ്മ. ആ എണ്ണമണമുള്ള അമ്മയോർമ്മകൾ ഇന്നും ഉള്ളിൽ പേറുന്നുണ്ട്, ഒരു വേദനയായി' -വേണുഗോപാൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം:

"അമ്മയില്ലാത്തവർക്കേതു വീട്? ഇല്ല വീട്, എങ്ങെങ്ങുമേ വീട് ' വിനയചന്ദ്രന്‍റെ വരികൾ എന്‍റെ ജീവിതം കൂടിയാണ്. അതിൽ പറയുംപോലെ ഏത് വീടും എനിക്ക് നാല് ചുവരുകൾ മാത്രമായി തോന്നിത്തുടങ്ങിയിട്ട് അഞ്ചുകൊല്ലമാകുന്നു. അമ്മയില്ലായ്മയുടെ അഞ്ചുകൊല്ലം.

അമ്മയെക്കുറിച്ചാലോചിക്കുമ്പോഴൊക്കെയും ഞാൻ കൊച്ചുകുട്ടിയാണ്. അതുകൊണ്ടാവണം ആ ശൂന്യതയുമായി ഇന്നും പൊരുത്തപ്പെടാൻ കഴിയാതെ പോകുന്നത്. അമ്മയുടെ കാത്തിരിപ്പുകൾ ഒരു കുറ്റബോധം പോലെ ഉള്ളിൽ നീറുകയാണ്. എല്ലാ ആഘോഷങ്ങളുടെയും ഓരത്തു നിലയ്ക്കാത്ത കാത്തിരിപ്പുകളിലായിരുന്നു എനിക്ക് വേണ്ടി അമ്മ. വിദ്യാർത്ഥി സംഘടനാ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഞാൻ നിലകൊള്ളുന്ന കാലത്തുപോലും അമ്മ കാത്തിരിക്കുമായിരുന്നു. ആ കാത്തിരിപ്പിനോട്‌ നീതി പുലർത്താൻ എനിക്ക് കഴിയാതെ പോയി, അക്കാലമത്രയും. ദിവസങ്ങളുടെ ഇടവേള മുറിച്ച് ഞാൻ കടന്നുചെല്ലുന്ന നിമിഷം എന്നെ ചേർത്തുപിടിക്കാറുണ്ട് അമ്മ. ആ എണ്ണമണമുള്ള അമ്മയോർമ്മകൾ ഇന്നും ഉള്ളിൽ പേറുന്നുണ്ട്, ഒരു വേദനയായി.

മനുഷ്യരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും ജാതിയോ മതമോ രാഷ്ട്രീയമോ വർണമോ, ഒന്നും പരിഗണനകളാവരുതെന്ന് എന്നെ പഠിപ്പിച്ചതും എന്‍റെ അമ്മ തന്നെയാണ്. അമ്മയോളം വലിയ പാഠപുസ്തകം ഇന്നോളം ഞാൻ തുറന്നുവെച്ചിട്ടുമില്ല. അനുസരണയോടെ അമ്മയെ അനുഗമിക്കുകയാണ് ഞാൻ, ആ അഭാവത്തിലും. അതാണെന്‍റെ കരുത്തും. ഒരിക്കലും വറ്റാത്ത അമ്മയോർമ്മകളുടെ കരുത്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com