6 രൂപ സബ്‌സിഡി പിന്‍വലിച്ചത് കൊലച്ചതി; കര്‍ഷകരുടെ കണ്ണീര്‍പ്പാടത്ത് കെസി

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലും കേരള നിയമസഭയിലും മുഴങ്ങുമെന്ന് കെസി ഉറപ്പു നല്കി
k.c. venugopal farmers issue

കെ.സി. വേണുഗോപാൽ കർഷകർക്കൊപ്പം

Updated on

തിരുവനന്തപുരം: കര്‍ഷകരുടെ കണ്ണീര്‍പ്പാടത്തേക്ക് കെസിയെത്തി. അവരുടെ പ്രശ്‌നങ്ങള്‍ക്ക് മണിക്കൂറുകളോളം കാതോര്‍ത്തു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലും കേരള നിയമസഭയിലും മുഴങ്ങുമെന്ന് ഉറപ്പു നല്കി. അടുത്ത യുഡിഎഫ് സര്‍ക്കാരിന്‍റെ മുന്‍ഗണനയില്‍ കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് പ്രഥമ പരിഗണന ഉണ്ടാകുമെന്ന് നയം വ്യക്തമാക്കുകയും ചെയ്തു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പെരുവമ്പില്‍ പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ അവരുമായി ചര്‍ച്ച ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി കര്‍ഷകരെ ദ്രോഹിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

കൃഷി തുടരാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കര്‍ഷകര്‍ തള്ളപ്പെടുകയാണെന്നും, പുതിയ തലമുറ കൃഷിയിലേക്ക് വരാത്തത് വരാനിരിക്കുന്ന ഭക്ഷ്യക്ഷാമത്തിന്‍റെ സൂചനയാണെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നെല്ലിന് നല്‍കിവരുന്ന പ്രോത്സാഹന സബ്സിഡിയായ കിലോയ്ക്ക് 6 രൂപ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത് ഇപ്പോഴത്തെ പ്രതിസന്ധി അതീവ ഗുരുതരമാക്കി. കേന്ദ്രം നിശ്ചയിച്ച കുറഞ്ഞ താങ്ങുവില (MSP)യ്ക്ക് മുകളില്‍ സംസ്ഥാനങ്ങള്‍ അധിക ബോണസോ, പ്രോത്സാഹനമോ നല്‍കുന്നത് കേന്ദ്ര ഭക്ഷ്യധാന്യ നയത്തിന് വിരുദ്ധമാണ് എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

കേരളത്തില്‍ നെല്‍കൃഷി നടത്തുന്നത് ലാഭത്തിനല്ല, മറിച്ച് ഭക്ഷ്യസുരക്ഷയ്ക്കും ഭൂസംരക്ഷണത്തിനും വേണ്ടിയാണ്. ഉയര്‍ന്ന കൃഷിച്ചെലവും വൈകിയ സംഭരണവിലയും കാരണം സംസ്ഥാനത്തിന്‍റെ 6 രൂപ പ്രോത്സാഹന തുക പോലും കര്‍ഷകനു നിര്‍ണായകമാണ്. ഈ ബോണസ് ഇല്ലാതാകുന്നത് കര്‍ഷകന് ഇരുട്ടടിയാണ്.

നെല്‍കൃഷി ആദായകരമായി നടത്താന്‍ കഴിയാത്തതിനാല്‍ പലരും കൃഷിയില്‍ നിന്ന് പിന്മാറുകയാണ്. പുതുതായി ആരും കൃഷിയിലേക്ക് എത്താത്തത് വലിയ വെല്ലുവിളിയായി. വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, കൊയ്ത്തുയന്ത്രങ്ങളുടെയും ട്രാക്ടറുകളുടെയും ഉയര്‍ന്ന വാടക, രാസവളങ്ങളുടെ അമിതവില ഇവയെല്ലാം ചേര്‍ന്ന് കര്‍ഷകനെ സാമ്പത്തികമായി തളര്‍ത്തുകയാണെന്ന് അവര്‍ പറഞ്ഞു.

നെല്ല് സംഭരണത്തിലെ അഴിമതി

നെല്ല് സംഭരണത്തിലെ അഴിമതിയും അനാസ്ഥയും കര്‍ഷകനെ ഏറ്റവും അധികം തകര്‍ക്കുന്ന വിഷയമാണെന്ന് യോഗത്തില്‍ വ്യക്തമാക്കി. സമയത്ത് നെല്ല് സംഭരിക്കാത്തതും, സംഭരിച്ച നെല്ലിന്‍റെ വില മാസങ്ങളോളം വൈകി നല്‍കുന്നതും സ്വകാര്യ മില്ലുടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ്. കൃഷി വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

പാലക്കാടും കുട്ടനാട്ടിലും നെല്ല് സംഭരിച്ച് 6 മുതല്‍ 8 വരെ മാസം കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. കൊയ്ത്ത് തുടങ്ങുന്നതിന് മുമ്പ് സംഭരണ കരാര്‍ ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സപ്‌ളൈകോ 500 കോടി രൂപയിലധികം കുടിശിക കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. യന്ത്രവല്‍ക്കരണം കാര്യക്ഷമമല്ലാത്തതിനാല്‍ കൃഷിച്ചെലവിന്‍റെ 60 ശതമാനവും കൂലിച്ചെലവായി മാറി. രാസവളങ്ങളുടെ വില വര്‍ധന തടയാന്‍ പ്രത്യേക സബ്സിഡി വേണമെന്നും, യൂറിയ ലഭ്യത ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയില്‍ പല പ്രദേശങ്ങളിലും ആവര്‍ത്തിച്ച് ഉണ്ടാകുന്ന അതിരൂക്ഷമായ ജലക്ഷാമം നെല്‍കൃഷിയെ ഗുരുതരമായി ബാധിക്കുകയാണ്. ഒരുവശത്തു നെല്ല് ഉല്‍പ്പാദനത്തില്‍ 22% ഇടിവ് നേരിടുമ്പോള്‍, ചിറ്റൂര്‍, ആലത്തൂര്‍ മേഖലകളില്‍ പാടങ്ങള്‍ തരിശിടേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ എം.പി.യോട് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്കും

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്ന് എംപി ഓര്‍മ്മപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും സംഭരണം ഉറപ്പാക്കാനും വില സമയബന്ധിതമായി നല്‍കാനും സ്വകാര്യ മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com