കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞ് കെ.സി. വേണുഗോപാല്‍

ക്യാംപിന്‍റെ ദിശയും അജണ്ടയും നിര്‍ണയിച്ചത് കെസിയുടെ ഉദ്ഘാടന പ്രസംഗമാണ്
K.C. Venugopal KPCC two-day Leadership Summit

കെ.സി. വേണുഗോപാൽ

Updated on

ദേശീയതലത്തിലെ ജയ പരാജയങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുള്ള കരുത്തുമായി തെഞ്ഞെടുപ്പ് രാഷ്ട്രീയ നയതന്ത്ര രൂപീകരണത്തില്‍ നിര്‍ണായക ഇടപെടലാണ് അദ്ദേഹം ദ്വിദിന ക്യാംപില്‍ നടത്തിയത്. ക്യാംപിന്‍റെ ദിശയും അജണ്ടയും നിര്‍ണയിച്ചത് കെസിയുടെ ഉദ്ഘാടനം പ്രസംഗമാണ്. നൂറ്റ് സീറ്റെന്ന് അദ്ദേഹത്തിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസത്തെ ക‍്യാംപിലെ ചര്‍ച്ചകള്‍ പുരോഗമിച്ചത്.

കേരളത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം മനസിലാക്കി ദേശീയതലത്തിലെ മുഴുവന്‍ തിരക്കുകളും മാറ്റിവച്ച് അദ്ദേഹം രണ്ടു ദിവസത്തെ ക്യാംപില്‍ മുഴുവന്‍ സമയവും ചെലവഴിച്ചു. കൂടാതെ ദക്ഷിണ, മധ്യ, ഉത്തരമേഖലകള്‍ തിരിച്ച് നടന്ന സംഘടനാ ചര്‍ച്ചകളിലും അദ്ദേഹം പങ്കാളിയായി വേണ്ട മാര്‍ഗനിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട കര്‍മ പരിപാടികള്‍, ജയസാധ്യത കുറഞ്ഞ സീറ്റുകള്‍ എങ്ങെനെ പിടിക്കാം, ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച നയതന്ത്രം അദ്ദേഹം വിശദീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി സപ്തയില്‍ ചേര്‍ന്ന ലീഡര്‍ഷിപ്പ് ക്യാംപിലും അദ്ദേഹം മുന്നോട്ട് വച്ച, സ്ഥാനാര്‍ഥി നിർണയം വാര്‍ഡ് തലത്തില്‍ വേണമെന്നതും മുകളില്‍ നിന്നുള്ള ഇടപെടല്‍ അതിലുണ്ടാകരുതെന്ന ഉള്‍പ്പെടെയുള്ള കെസിയുടെ നിര്‍ദേശങ്ങള്‍ പാര്‍ട്ടി അക്ഷരംപ്രതി നടപ്പാക്കിയതാണ് യുഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നത്. കൂടാതെ സമ്മിറ്റിനിടെ നടന്ന രാഷ്ട്രീയകാര്യ സമിതി, കോര്‍കമ്മറ്റി തുടങ്ങിയ നിര്‍ണായക യോഗങ്ങളിലും കെസി പങ്കെടുത്തു.

‌സംഘടനയുടെയും മുന്നണിയുടേയും കെട്ടുറപ്പ്, ഐക്യം എന്നിവ സംബന്ധിച്ചും സീറ്റുവിഭജന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടും എന്നിവ സംബന്ധിച്ചും നേതാക്കളുമായി കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആലസ്യം ഉപേക്ഷിച്ച് നൂറ് സീറ്റെന്ന ദൗത്യമാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് മുന്നിലേക്ക് വച്ച ടാര്‍ഗറ്റ്.

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന കൃത്യമായ സന്ദേശം നേതാക്കള്‍ക്ക് കെസി നല്‍കി. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡം എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ ചെറുപ്പക്കാര്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവരെ അത്തരത്തില്‍ കണ്ടെത്തുമെന്നും വ്യക്തമാക്കി. സാമുദായിക സന്തുലിതാവസ്ഥയും സൗഹാര്‍ദ്ദവും നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ ഓര്‍മിപ്പിച്ചു. പരസ്പരം പടവെട്ടാതെയും ചെളിവാരിയെറിയാതെയും പൊതസമൂഹത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളും തമ്മിത്തല്ലുമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ആയുധം കൊടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കുക വഴി അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിരീക്ഷണം ആരെയും അമ്പരിപ്പിക്കുന്നതാണ്. കൂടാതെ പാര്‍ട്ടിക്കായി പണിയെടുത്ത, കൊടിപിടിച്ച, തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച, ചുവരെഴുതിയ അണികളെ നിരാശരാക്കുന്ന പ്രവൃത്തികള്‍ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നു ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കി.

പാര്‍ട്ടി ഒരു തീരുമാനം കൂട്ടായെടുത്താല്‍ അതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്‍റെ പരമ്പരാഗത ശൈലിയ്ക്ക് മാറ്റം വേണമെന്ന കെ.സി. വേണുഗോപാലിന്‍റെ നിര്‍ദേശം നടപ്പാക്കിയാല്‍ തന്നെ കോണ്‍ഗ്രസിന് അതേറെ ഗുണം ചെയ്യും. പാര്‍ട്ടിക്കായി പണിയെടുക്കുന്ന പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തണമെന്നും, അവരാണ് പാര്‍ട്ടിയുടെ വികാരവും മൂലധനവും എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ വാര്‍ഡ് തലത്തില്‍ വോട്ട് വര്‍ധിപ്പിക്കുന്ന നേതാക്കള്‍ക്കും പാരിതോഷികവും അംഗീകാരവും നല്‍കുമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസിലെ താഴെത്തട്ടില്‍ പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നതാണ്. വിജയിച്ച വാര്‍ഡ് മെമ്പര്‍, സ്ഥാനാര്‍ഥികള്‍, ബൂത്ത്, മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ അവരവരുടെ വാര്‍ഡുകളില്‍ 100 വോട്ട് അധികം വര്‍ധിപ്പിക്കണമെന്ന ടാര്‍ഗറ്റ് നല്‍കാനാണ് അദ്ദേഹം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം.

നൂറ് സീറ്റെന്ന ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസിനും മുന്നണിക്കും കുതിക്കാന്‍ വാര്‍ഡിലെ 100 വോട്ടിന്‍റെ വര്‍ധന സഹായകമാകുമെന്നതില്‍ സംശയം വേണ്ട. ദേശീയ -സംസ്ഥാന രാഷ്ട്രീയം കൃത്യമായി വിലയിരുത്തി, സിപിഎമ്മും ബിജെപിയെന്ന രണ്ടു പൊതുശത്രുകളെ എങ്ങനെ മര്‍മറിഞ്ഞ് രാഷ്ട്രീയമായി ആക്രമിക്കണമെന്നതിന്‍റെ സംക്ഷിപ്ത രൂപം കെസി വേണുഗോപാല്‍ പ്രസംഗത്തിലും തുടര്‍ന്ന് നടന്ന സംഘടനാതല ചര്‍ച്ചയിലും മുന്നോട്ട് വച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയം, നടപടി,ശൈലി എന്നിവയ്‌ക്കെതിരേ ശക്തമായ പ്രക്ഷോഭം നടത്താനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി.

അണികളുടേയും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെയും പ്രതീക്ഷക്കനുസരിച്ച് കോണ്‍ഗ്രസിനെ എങ്ങനെ അധികാരത്തില്‍ കൊണ്ടുവരാമെന്ന തന്ത്രങ്ങളാണ് ചര്‍ച്ചകളില്‍ ഉടനീളം കെസി ചൂണ്ടിക്കാട്ടിയത്. ദേശീയതലത്തിലെ കെസിയുടെ നയതന്ത്ര ആവിഷ്‌ക്കരണ കഴിവുകള്‍ കെപിസിസി ലീഡര്‍ഷിപ്പ് സമ്മിറ്റിലും കോണ്‍ഗ്രസിനും ഗുണം ചെയ്തു. എല്ലാ അര്‍ഥത്തിലും കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനം പകരുന്നതാണ് കെ.സി. വേണുഗോപാലിന്‍റെ പ്രസംഗത്തിലെ ഓരോ വരികളും. അക്ഷരാര്‍ഥത്തിൽ അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന ഘടകം തയാറായാല്‍ ഇന്ദ്രചന്ദ്രന്‍മാര്‍ക്ക് യുഡിഎഫ് മുന്നേറ്റത്തെ തടുക്കാനാവില്ലെന്നത് ഉറപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com