

"ദേശീയപാതയുടെ രൂപകല്‍പ്പന പ്രാദേശിക ജനങ്ങളുടെ വികാരം കണക്കിലെടുത്തല്ല": കെ.സി. വേണുഗോപാല്‍ എംപി
കൊല്ലം: ദേശീയപാത നിര്‍മാണം നടക്കുന്ന ഓച്ചിറയിലെ അടിപ്പാതയ്ക്ക് ഇരുവശവും എലിവേറ്റഡ് ഹൈവെ വേണമെന്ന് ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം നടക്കുന്ന സ്ഥലം കെ.സി. വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു.
ദേശീയപാത നിര്‍മാണത്തില്‍ പ്രാദേശിക ജനങ്ങളുടെ വികാരം കണക്കിലെടുത്തുള്ള രൂപകല്‍പ്പന നടത്തണമെന്ന് ആവശ്യപ്പെട്ട കെ.സി. വേണുഗോപാല്‍ എംപി ഈ വിഷയം കേന്ദ്രസര്‍ക്കാരിന്‍റെയും വകുപ്പ് മന്ത്രിയുടെയും മുന്നില്‍ വീണ്ടും അവതരിപ്പിക്കുമെന്നും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇത് ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.
പാതനിര്‍മാണത്തിന്‍റെ രൂപകല്‍പ്പന നടത്തിയ സമയം ജനങ്ങളുടെ ആവശ്യം പരിഗണിച്ചില്ല. ദേശീപാത നിര്‍മാണത്തിലെ അപാകതയാണ് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചത്. ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി തന്നെ അതു സമ്മതിച്ചു. കായംകുളം ,അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും സമാനസ്വഭാവത്തിലുള്ള പ്രശ്‌നങ്ങളാണ്. ജനം ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിലാണ്. ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്തുള്ള ഡിസൈനിങ് അല്ല നടത്തിയത്.
പ്രദേശവാസികള്‍ കൂടുതലായി ഉപയോഗിക്കുന്ന സര്‍വീസ് റോഡുകളുടെ നിര്‍മാണത്തില്‍ ഗുണനിലവാരമില്ലെന്നും വേണുഗോപാല്‍. റെയില്‍വെ സ്‌റ്റേഷനെയും ടൗണിനേയും രണ്ടായി വേര്‍തിരിച്ച് വലിയ വന്‍മതില്‍ പണിത് കൊണ്ടാണ് നിലവിലെ നിര്‍മാണം. ഓച്ചിറ ക്ഷേത്രം, റെയില്‍വെ സ്‌റ്റേഷന്‍ എന്നിവടങ്ങളിലേക്ക് നിരവധി ആളുകളെത്തുന്ന സ്ഥലമാണ്. ഇവര്‍ക്കെല്ലാം യാത്രാ ദുരിതം സമ്മാനിക്കുന്നതാണ് ഇത്. കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ഇവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുക. അടിപ്പാതയില്‍
നിന്നും 500 മീറ്റര്‍ ഇരുവശങ്ങളിലേക്കും എലിവേറ്റഡ് ഹൈവെ നിര്‍മിച്ചെങ്കില്‍ മാത്രമെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുയെന്നതാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിന്‍റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടക്കുകയാണ്. സി.ആര്‍. മഹേഷ് എംഎല്‍എ, നിയുക്ത പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. കൃഷ്ണകുമാര്‍, ലീനാ പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കബീര്‍ എന്‍സൈം, വി.എസ്. വിനോദ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.