ഇ.പി. ജയരാജനും ജാവദേക്കറുമായി നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീല്‍: കെ.സി. വേണുഗോപാൽ

ഇന്ത്യ മുന്നണി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശുമെന്നും വേണുഗോപാല്‍
ആലപ്പുഴ തിരുവമ്പാടി എച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.
ആലപ്പുഴ തിരുവമ്പാടി എച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.
Updated on

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ വെളിപ്പെടുത്തലും അതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും കേരളത്തില്‍ സിപിഎം - ബിജെപി ഡീല്‍ ഉണ്ടെന്നത് സ്ഥിരീകരിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇ.പി. ജയരാജനെ ന്യായീകരിക്കുന്നതിലൂടെ ബിജെപിയുമായി നടത്തിയ ചര്‍ച്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമായെന്നും കെസി.

എല്‍ഡിഎഫ് കണ്‍വീനറെ ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പകാശ് ജാവദേക്കര്‍ കണ്ടതിനെ സംബന്ധിച്ച വ്യക്തമായ വിവരം ആഭ്യന്തരവകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുണ്ടായിരുന്നു. രഹസ്യ കൂടിക്കാഴ്ച പരസ്യമായപ്പോള്‍ ജനങ്ങളെ പറ്റിക്കാനാണ് ജാഗ്രതക്കുറവുണ്ടായി എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത്. ജയരാജനും ജാവദേക്കറും നടത്തിയത് പൊതുചടങ്ങിനിടെയുള്ള കൂടിക്കാഴ്ചയല്ല. ജയരാജന്‍റെ മകന്‍റെ ഫ്‌ളാറ്റില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീലാണ് ഇ.പി. ജയരാജനും പ്രകാശ് ജാവദേക്കറുമായി നടത്തിയത്.

ഗുരുതരമായ തെറ്റ് ചെയ്ത ശേഷം ജാഗ്രതക്കുറവുണ്ടായി എന്ന് പറഞ്ഞ് തടിതപ്പുന്നത് സിപിഎമ്മിന്‍റെ പതിവ് ശൈലിയാണ്. രണ്ടുമൂന്ന് സീറ്റുകളില്‍ ബിജെപിയെ സിപിഎം സഹായിക്കുകയാണെങ്കില്‍ ലാവലിന്‍ കേസും കരുവന്നൂര്‍ കേസും ഒഴിവാക്കാമെന്ന ധാരണയുടെ പുറത്താണ് ഈ ഡീല്‍. കേരളത്തിലെ സിപിഎം കമ്യൂണിസ്റ്റ് ശൈലിയില്‍ നിന്ന് പാടെ വ്യതിചലിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

ചരിത്രത്തില്‍ ഇല്ലാത്ത വിധം റെക്കോര്‍ഡ് മാറ്റിവെക്കലാണ് ലാവലിന്‍ കേസില്‍ ഉണ്ടായിട്ടുള്ളത്. കരുവന്നൂര്‍ നിക്ഷേപതട്ടിപ്പ് കേസില്‍ പറച്ചിലല്ലാതെ ഒരു നടപടിയുമില്ല.

ഇന്ത്യ മുന്നണി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശുമെന്നും വേണുഗോപാല്‍ പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷ് എംഎല്‍എയെ കല്ലെറിഞ്ഞ് വീഴ്ത്തി രണ്ടു ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ആശുപത്രിയില്‍ നിന്നാണ് വോട്ടു ചെയ്യാന്‍ പോകുന്നത്. മഹേഷിനെ കല്ലെറിഞ്ഞ് വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തവുമാണ്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരത്തെത്തന്നെ ഉണ്ട്. അദ്ദേഹത്തിന്‍റെ ജീവന്‍ അവിടെ തീരുമായിരുന്നു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. എന്നിട്ട് കല്ലേറുകൊണ്ട് ചികിത്സയില്‍ കഴിയുന്ന മഹേഷിനെതിരെ ഇപ്പോള്‍ വധശ്രമത്തിന് കേസ് എടുത്തിരിക്കുകയാണ്. വാദിയെ പ്രതിയാക്കുന്ന ഇത്തരം സമീപനം വേറെ ഏതെങ്കിലും നാട്ടില്‍ നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com