ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്: കെ.സി. വേണുഗോപാല്‍

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു
KC Venugopal on VK ebrahimkunju

വി.കെ. ഇബ്രാഹിംകുഞ്ഞിനെ അനുസ്മരിച്ച് കെ.സി. വേണുഗോപാൽ.

Updated on

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു. സാധാരണക്കാരെ ഉള്‍ക്കൊണ്ടും മനസിലാക്കിയും എപ്പോഴും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവ് എന്നതിനു പുറമെ, ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡുകളും പാലങ്ങളും പണിയുന്നതില്‍ റെക്കോഡ് വേഗം കൈവരിച്ചു. അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചു.

മധ്യകേരളത്തില്‍ ലീഗിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ് തന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു എന്നും കെ.സി. ''ദീര്‍ഘനാളത്തെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു'', അദ്ദേഹം അനുസ്മരിച്ചു.

നിയമസഭയിലും ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ഇബ്രാഹിംകുഞ്ഞുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച കാലഘട്ടം അനുസമരിച്ച വേണുഗോപാല്‍, മൂന്നു പതിറ്റാണ്ട് മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയവരില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് വഹിച്ച നിർണായക പങ്കും ഓര്‍ത്തെടുത്തു. ഇബ്രാഹിംകുഞ്ഞിന്‍റെ വേര്‍പാട് യുഡിഎഫിനും മുസ്ലിം ലീഗിനും വലിയ നഷ്ടമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com