കെ.സി. വേണുഗോപിലിന്‍റെ വിഡിയൊ കോൾ; പ്രതീക്ഷയോടെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ്

ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നവരുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ കെ.സി. വേണുഗോപാല്‍ എംപി വിഡിയൊ കോളിലൂടെ അവരുമായി ആശയവിനിമയം നടത്തി

''കുരുന്നുകള്‍ക്ക് വിദ്യപകരുകയെന്ന മോഹവുമായി പിഎസ്‌സി മത്സരപ്പരീക്ഷയെഴുതി പാസായ ശേഷം നിയമനത്തിനായി റോഡില്‍ വന്ന് കിടക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല സാറേ...'' എല്‍പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാർഥികളിലൊരാളായ മലര്‍മതിയുടെ വാക്കുകളാണിത്. ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന ഇവരുടെ പ്രയാസവും ദുരിതവും മാധ്യമങ്ങളിലൂടെ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി വിഡിയൊ കോളിലൂടെ അവരുമായി ആശയവിനിമയം നടത്തിയപ്പോഴാണ് മലര്‍മതിയുടെ ഉള്ളുലയ്ക്കുന്ന പ്രതികരണം.

റാങ്ക് റിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് പത്തുമാസമായി. അതില്‍ ഏഴുജില്ലകളില്‍ മാത്രമാണ് നിയമനം നടന്നത്.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ എന്തിനാണ് പരീക്ഷ നടത്തി ഉദ്യോഗാർഥികളെ വഞ്ചിച്ചതെന്ന പരിഭവമാണ് ഉദ്യോഗാർഥികള്‍ കെസി വേണുഗോപാലിനോട് പങ്കുവെച്ചത്.

പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിയാണ് കേരളത്തിലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്ക് പോലും പ്രതിഷേധിച്ചാല്‍ മാത്രമേ ജോലി നല്‍കൂയെന്ന പരിതാപകരമായ അവസ്ഥയാണ്.സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥ്യത കാരണം പിഎസ്‌സി ഉദ്യോഗാർഥികളുടെ വര്‍ഷങ്ങളുടെ അധ്വാനമാണ് ഇങ്ങനെ പാഴാകുന്നത്. അതിന് മാറ്റം വേണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഡിവിഷന്‍ ഫാള്‍ വരുന്ന സ്‌കൂളുകളിലെല്ലാം നിശ്ചിത അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഏര്‍പ്പെടുത്തണമെന്നതും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികളെ അര്‍ധസര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുകയും വേണമെന്നതുമായ തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ കെസി വേണുഗോപാലിന് മുന്നില്‍ അവതരിപ്പിച്ചു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കൃത്യമായി പാലിക്കുകയും മാനദണ്ഡങ്ങളില്‍ കാതലായ മാറ്റവും അനിവാര്യമാണെന്ന് പറഞ്ഞ വേണുഗോപാല്‍ ന്യായമായ അവകാശം നേടിയെടുക്കാന്‍ ഒപ്പം ഉണ്ടാകുമെന്നും അവര്‍ക്ക് ഉറപ്പുനല്‍കി.

കൂടാതെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം ഉറപ്പാക്കുന്നതിന് പുതുതായി വ്യവസ്ഥയുണ്ടാകണമെന്നാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയിലൂടെ മുന്നോട്ട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. പ്രതീക്ഷയോടെയാണ് കെസി വേണുഗോപാലിന്‍റെ വാക്കുകളെ എല്‍പി സ്‌കൂള്‍ അധ്യാപക ഉദ്യോഗാർഥികള്‍ സ്വീകരിച്ചത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com