
കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൈക്കൂലി ആക്കിയെന്ന തന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരണവുമായി രംഗത്ത്. തന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം വളച്ചൊടിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്താണ് സർക്കാർ പെൻഷൻ കുടിശിക കൊടുക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമ പെൻഷന്‍റെ ഒപ്പം വാർധക്യകാല പെൻഷൻ കൂടി കിട്ടിയിരുന്നു. രണ്ടും കൂടി ചേർത്ത് 1500 രൂപയാണ് ലഭിച്ചിരുന്നത്.
മൾട്ടിപ്പിൾ പെൻഷൻ ലഭിച്ചിരുന്നത് പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കായിരുന്നു. പിന്നീട് പെൻഷൻ പരിഷ്കരണം എന്ന് പറഞ്ഞ് അത് ഒന്നാക്കി മാറ്റുകയായിരുന്നു. എന്നിട്ട് അത് ആയിരം രൂപയാക്കി കൊടുക്കുകയും ചെയ്തു.
പെൻഷൻ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ അതിന്‍റെ കുടിശിക ഇപ്പോഴും ബാക്കിയാണ്. ആ കുടിശിക നൽകുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്.
തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന കുടിശികയെക്കുറിച്ചാണ് താൻ ചോദിച്ചതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. എന്നാൽ, പ്രസ്താവനയിൽ ആരോടും മാപ്പ് പറയാനില്ലെന്നും വേണുഗോപാൽ പറഞ്ഞു.