

ജനങ്ങളെ പറ്റിച്ചു, മെസിയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ
കൊച്ചി: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മെസി കേരളത്തിലെത്തുമെന്ന് അറിയിച്ച കമ്പനിയുടെയും സ്പോൺസറുടെയും വിലാസം ഒന്നു തന്നെയെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തൽ. മുൻ എൽഡിഎഫ് സർക്കാരും സ്പോൺസറും ചേർന്ന് ഫുട്ബോൾ ഇഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
20 ദിവസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ഗോട്ട് ആന്‍റ് ഗ്ലോബൽ എന്ന കമ്പനിയാണ് 2023 ജൂലൈ മാസത്തിൽ മെസിയുടെ സന്ദർശനത്തെക്കുറിച്ച് അറിയിക്കുന്നത്. അർജന്‍റീനയെ കൊണ്ടുവരാൻ തയാറാണെന്നും അതിനുള്ള സാമ്പത്തിക സഹായം മുഴുവൻ വഹിച്ചോളാമെന്നുമാണ് കമ്പനി കത്തിലൂടെ അറിയിച്ചത്. ഒരു ലക്ഷം രൂപമാത്രമാണ് ആ കമ്പനിയുടെ ആകെ മൂലധനം. ഈ കമ്പനിയുടെ വിലാസവും സ്പോൺസറായ റിപ്പോർട്ടർ ടിവിയുടെ വിലാസവും ഒന്നുതന്നെയാണ്.
അർജന്‍റീന ഫുട്ബോൾ അസോസിയേഷനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കായിക മന്ത്രി അബ്ദുൾ റഹ്മാൻ ഇമെയിൽ അയച്ചെങ്കിലും ഇതിന് മറുപടി കിട്ടിയതായി രേഖകളില്ല. ചട്ടങ്ങൾ മറികടന്നുകൊണ്ടുള്ള വേഗത്തിലുള്ള നീക്കങ്ങളാണ് നടന്നത്. സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമല്ലാതെയാണ് നടന്നതെന്നും ആധികാരിക രേഖകൾ ഒന്നുമില്ലാതെ ആണ് അർജന്‍റീന ടീം വരുമെന്ന് സ്പോൺസർമാർ വാഗ്ദാനം ചെയ്തതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തുടർനടപടികൾക്കായി അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.