

കൊച്ചി: താര പരിവേഷത്തോടെ കഴിഞ്ഞ രണ്ട് തവണയും കൊല്ലത്തു നിന്ന് മത്സരിച്ച് കയറിയ മുകേഷിനെ ഇത്തവണ കളത്തിലിറക്കിയേക്കില്ല. മുകേഷിനെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിനെ പൊതു വികാരം.
കൊല്ലത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2 തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിൽ 2024 ൽ ലോക്സഭയിലേക്ക് മുകേഷ് മത്സരിച്ചെങ്കിൽ ഒന്നര ലക്ഷത്തോളം വോട്ടിന് എതിർ സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന്‍ വിജയിക്കുകയായിരുന്നു. വീണ്ടും ഒരു പരീക്ഷണത്തിന് പാര്‍ട്ടി തയാറല്ലെന്നാണ് സൂചന.
മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥി തന്നെ ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ്. ജയമോഹന്‍റെ പേരാണ് കൊല്ലത്ത് പ്രഥമ പരിഗണനിയിലുള്ളതെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗോപനും പരിഗണനയിലുണ്ട്.