
തിരുവനന്തപുരം: കേരള നിയമസഭയുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ പുരസ്കാരത്തിന് മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി സന്തോഷ് അർഹനായി. 'മലയാളത്തെ തോല്‍പ്പിക്കുന്ന മിടുക്കര്‍' എന്ന ലേഖനത്തിനാണ് അവാർഡ്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനവും പൊതു സമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവര്‍ത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മാധ്യമ സൃഷ്ടികൾക്കാണ് അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ഏർപ്പെടുത്തിയിരിക്കുന്നത്. 22-ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് പുരസ്കാരം സമർപ്പിക്കും.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പത്രപ്രവർത്തകനുള്ള പുരസ്കാരവും കഴിഞ്ഞ മാസം ലഭിച്ചിരുന്നു. തിരുവനന്തപുരം പാൽക്കുളങ്ങര "ശ്രീരാഗ'ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജ് നാലാം വർഷ ബിഎഎംഎസ് വിദ്യാർഥി എസ്.പി ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ ആദ്യവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി ഭഗത് എന്നിവർ മക്കളാണ്.
തുടർച്ചായി മൂന്നാം തവണയും നിയമസഭാ മാധ്യമ അവാർഡ് കരസ്ഥമാക്കിയ എം.ബി. സന്തോഷിന് സ്വദേശാഭിമാനി, എം.ശിവറാം, ഫാ. കൊളംബിയർ, എം.ആർ മാധവ വാര്യർ, പാമ്പൻ മാധവൻ, നരേന്ദ്രൻ എന്നിവരുടെ സ്മരണയ്ക്കായുള്ളതുൾപ്പടെ ഒരു ഡസനിലേറെ മാധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. യുവകലാസാഹിതി പുരസ്കാരം, പി.എ ഉത്തമൻ അവാർഡ് എന്നിവ കരസ്ഥമാക്കിയ "പകരം' ഉൾപ്പടെ 9 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഒന്നാം മരണമാണ് ഒടുവിൽ പുറത്തിറങ്ങിയ നോവൽ. മംഗളം പത്രം, മംഗളം ടെലിവിഷൻ, കേരളകൗമുദി, ഇന്ത്യാ വിഷൻ, ഇന്ത്യാ പോസ്റ്റ് ലൈവ് ഉൾപ്പടെയുള്ളിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.