

ബിജെപി നേതാവ് എസ്. സുരേഷ്.
File
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്‍റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള മുൻ ഇടത് സർക്കാരിന്‍റെ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി.
അന്വേഷണം മുഖ‍്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എസ്. സുരേഷ് ആവശ‍്യപ്പെട്ടു. അർജന്‍റീനയും മറ്റു രാജ‍്യങ്ങളും ഉൾപ്പെടുന്ന അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ട തട്ടിപ്പാണിതെന്നും ഇതിന് എംബസികളുമായും അന്താരാഷ്ട്ര തലത്തിലും ബന്ധമുണ്ടെന്നും സംസ്ഥാന സർക്കാരിന്‍റെ പേര് ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎമ്മും കൊള്ളയിൽ പങ്കാളികളാണെന്നു പറഞ്ഞ സുരേഷ് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് സർക്കാരിനോട് ആവശ‍്യപ്പെട്ടു. വിഷയം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ മുൻ സർക്കാരുമായും പിണറായി വിജയനുമായും ധാരണയിലെത്തുമോയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതിന്‍റെ വിവരങ്ങൾ പുറത്തുവന്നതായും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.
അർജന്‍റീന ടീമിന്‍റെ കേരള സന്ദർശനത്തിന് സ്പോൺസറുമായി കരാർ ഒപ്പുവയ്ക്കുകയും എന്നാൽ പിന്നീട് സർക്കാരിന്‍റെ അറിവോടെയല്ലാതെ ഭേദഗതി വരുത്തുകയും ചെയ്തെന്ന് അവകാശപ്പെട്ടു. കരാർ ലംഘനത്തിൽ 40 ലക്ഷം രൂപ പിഴ ചുമത്തിയപ്പോൾ ഇത് സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അർജന്‍റീന അംബാസിഡർക്ക് കത്തയച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതെങ്ങനെയാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതെന്നാണ് സുരേഷ് ചോദിക്കുന്നത്.