ജെറോം ഇനി അനാഥനല്ല, 'പുതിയ' മാതാപിതാക്കളോടൊപ്പം ഇറ്റലിയിലേക്ക്

തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്ന് ഈ വർഷം വിദേശത്തേക്കു പോകുന്ന പത്താമത്തെ കുട്ടിയാണ് ജെറോം
സെർജിയോയ്ക്കും ലൂസിയയ്ക്കുമൊപ്പം ജെറോം.
സെർജിയോയ്ക്കും ലൂസിയയ്ക്കുമൊപ്പം ജെറോം.

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ സനാഥനായ ജെറോം, വെള്ളിയാഴ്ച തന്‍റെ പുതിയ മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിലേക്കു തിരിക്കും. അഞ്ച് വർഷം മുൻപാണ് മൂന്നു മാസം പ്രായമുള്ളപ്പോൾ ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് വിദഗ്ധചികിത്സയ്ക്കും പരിചരണത്തിനുമായി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലെ അമ്മമാരുടെ കൈയിലേക്ക് ജെറോം എത്തിയത്. നിലവിൽ തിരുവനന്തപുരം മോഡൽ എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി.

ഇറ്റലിയിൽ മിലാനു സമീപം സോവിക്കോയിലെ സെർജിയോ മരിനോ-ലൂസിയ കസാക് സിക്ക ദമ്പതികൾ ഒരു വർഷം മുൻപാണ് ഇന്ത്യയിൽ നിന്ന് ദത്തെടുക്കാനായി ഓൺലൈൻ അപേക്ഷ നൽകിയത്. മുൻഗണനാ പ്രകാരം ലഭിച്ചത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വളർത്തുപുത്രൻ ജെറോമിനെയും.

ഇതുവരെ പുത്രനെ കാണലൊക്കെ വീഡിയോകാൾ വഴിയായിരുന്നു. നിയമപരമായ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് നേരിൽ കാണാൻ എത്തിയത് ഇക്കഴിഞ്ഞ ഞായറാഴ്ച. സമിതി അങ്കണത്തിലെ പാർക്കിൽ ഊഞ്ഞാലാട്ടിയും കളിപ്പിച്ചും രണ്ടു ദിവസം കൊണ്ട് പ്രിയപ്പെട്ടവരായി മൂവരും.

വിജയദശമി ദിനത്തിൽ സമിതി സംഘടിപ്പിച്ച അക്ഷരവെളിച്ചം ചടങ്ങിൽ വച്ചാണ് ജെറോമിനെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറും എ.എ. റഹീം എംപിയും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയും ചേർന്ന് ട്രഷറർ കെ. ജയപാൽ സമിതിയിലെ കുട്ടികൾ അമ്മമാർ എന്നിവരുടെ സാന്നിധ്യത്തിൽ മാതാപിതാക്കളോടൊപ്പം യാത്രയാക്കിയത്.

കുട്ടിയുടെ പേര് മാറ്റില്ലെന്നും തങ്ങളുടെ കുടുംബം കുറേനാളായി ജെറോമിനു വേണ്ടി കാത്തിരിക്കുകയാണെന്നും സെർജിയോ ലൂസിയ ദമ്പതികൾ പറഞ്ഞു. വ്യാഴാഴ്ച മുംബൈയിലേക്ക് പോകുന്ന കുടുംബം വെള്ളിയാഴ്ച ജെറോമുമായി ഇറ്റലിയിലേക്ക് പറക്കും. ഈ വർഷം വിദേശത്തേക്കു കടൽ കടക്കുന്ന പത്താമത്തെ കുട്ടിയും ഇറ്റലിയിലേക്കു പോകുന്ന നാലാമത്തെ കുട്ടിയുമാണ് ജെറോം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com