
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് (feb 7) രാവിലെ 9ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയിതര വരുമാന വര്‍ധനവിനുള്ള മാര്‍ഗങ്ങളാകും ബജറ്റിലുണ്ടാകുക. തദ്ദേശ തെരഞ്ഞെടുപ്പിനും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. ക്ഷേമ പെന്‍ഷന്‍ കൂട്ടാനും സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം നിര്‍ത്താനും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. വയനാട് പുനരധിവാസത്തിന് പണം കെണ്ടത്താന്‍ സെസ് പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്.
സാമ്പത്തിക പ്രതിന്ധിയില്‍ പണം കണ്ടെത്താന്‍ വിവിധ നികുതികളിലും കോടതി ഫീസുകളിലും വർധന വന്നേക്കും. നികുതിയിതര വരുമാനം കൂട്ടാനും പദ്ധതികളുണ്ടാകും. വ്യവസായ നിക്ഷേപ പദ്ധതികളെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തോട് ചോദിച്ച 5,000 കോടി രൂപ പരിഗണിക്കാത്തതിനാല്‍ തുറുമുഖ വികസന പദ്ധതികള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ ഇളവുകളും ബജറ്റിലുണ്ടാകും. വന്‍കിട പദ്ധതികളില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും വന്നേക്കും.
ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചേക്കും. നിലവില്‍ 1,600 രുപയാണ് സാമൂഹ്യ ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ക്ഷേമ പെന്‍ഷന്‍ 2,000 രുപയാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റിലൊന്നും ക്ഷേമ പെന്‍ഷന്‍ കൂട്ടി പ്രഖ്യാപനമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ പ്രഖ്യാപിക്കുമോ എന്നാണ് ജീവനക്കാരും പെന്‍ഷന്‍കാരും ഉറ്റുനോക്കുന്നത്. കിഫ്ബി റോഡുകളിലെ യൂസര്‍ ഫീസില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. ബജറ്റില്‍ ഇതില്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്.