സഭാ തർക്കം: മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം

''ആട്ടിന്‍ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം''
Pinarayi Vijayan
Pinarayi Vijayan

തൃശൂർ: മലങ്കര സഭയിലെ ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിഭാഗത്തിന്‍റെ മീറ്റിങ്ങില്‍ നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കൈയടി വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശ്രമം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലന്ന് ഓര്‍ത്തഡോക്‌സ് സഭ.

തര്‍ക്ക വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്‍റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറുന്നത് വേദനാജനകമാണ്. സുപ്രീം കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ട സഭാ വിഷയത്തില്‍ പുതിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് പുത്തന്‍ കുരിശില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രകടമാകുന്നത്.

നൂറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിന് അവസാനം കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കി സമാധാനം സ്ഥാപിക്കുന്നതിനു പകരം ഇത്തരം പ്രസ്താവനകള്‍ പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെടുന്നതിനും കേസുകള്‍ ആരംഭിക്കുന്നതിനും സഭാംഗങ്ങള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാകുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും വീണ്ടും നിയമ പോരാട്ടങ്ങളിലേക്ക് വഴുതി വീഴുന്നതിനും ഇടയാക്കും. നിയമപരമായി നിലനില്‍പ്പില്ലാത്തവര്‍ക്ക് പുതിയ അസ്തിത്വം വാഗ്ദാനം ചെയ്ത് വഴിവിട്ട സഹായം നല്‍കാന്‍ ഗവണ്‍മെന്‍റ് സന്നദ്ധമാണെന്ന് അറിയിക്കുന്നതിലൂടെ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭരണഘടന ലംഘനം നടത്തിയിരിക്കുകയാണ്. നാളിതുവരെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗങ്ങളിലെല്ലാം സമാധാനം സ്ഥാപിക്കുന്നതിന് സന്നദ്ധമായിട്ടുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

'ആട്ടിന്‍ തോലിട്ട ചെന്നായ' എന്ന പ്രയോഗം ആരെക്കുറിച്ചാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മലങ്കര മെത്രാപ്പൊലീത്ത സ്ഥാനം അന്ത്യോഖ്യ പാത്രിയര്‍ക്കിസ് പ്രഖ്യാപിച്ചു എന്നത് വിചിത്രമാണ്. ഈ സ്ഥാനം ഇന്ന് കൈയാളുന്നത് ആരാണെന്ന് സുപ്രീം കോടതി ആസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ എത്തിയ ഒരാള്‍ ഈ രാജ്യത്തിന്‍റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ആഹ്വാനം പരസ്യമായി നടത്തുന്നത് നിയമലംഘനമാണ്. അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ നടത്തിയിട്ടുള്ള പ്രസ്താവനകളെല്ലാം പ്രകോപനപരവും ഇന്ത്യന്‍ നിയമവ്യവസ്ഥിതിയെ അവഹേളിക്കുന്നതുമാണ്- സഭാ മാധ്യമ വിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കൊനാട്ട്, പിആര്‍ഒ ഫാ. മോഹന്‍ ജോസഫ് എന്നിവർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.