
പ്രത്യേക ലേഖകൻ
തിരുവനന്തപുരം< എംപിമാരായ എം.കെ. രാഘവനും കെ. മുരളീധരനുമെതിരെ അച്ചടക്കത്തിന്റെ വാളോങ്ങിയ കെപിസിസി നേതൃത്വം പ്രതിസന്ധിയിൽ. ഇനി നിയമസഭാ- ലോകസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന പരസ്യ പ്രസ്താവനയിലൂടെയാണ് കെപിസിസി മുൻ പ്രസിഡന്റ് കൂടിയായ മുരളീധരൻ അതിനെ നേരിട്ടത്. ഇരുവർക്കും ഗ്രൂപ്പിനതീതമായ പിന്തുണ ലഭിക്കുന്നതും നേതൃത്വത്തെ വെട്ടിലാക്കി.
എഐസിസി അംഗങ്ങളിൽ നിന്ന് കെപിസിസി വിശദീകരണം തേടാറില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത് ഈ തീരുമാനത്തോടുള്ള എതിർപ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുരളീധരൻ വീണ്ടും മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2 എംപിമാർക്കുമെതിരായ നടപടി മാനദണ്ഡം പാലിച്ചല്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസനും ചൂണ്ടിക്കാട്ടി. ഇതോടെ പ്രബലമായ എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ 2 എംപിമാർക്കുമുണ്ടെന്ന് തെളിഞ്ഞു.
എംപിമാർക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിൽ തന്നെ ഇരുവരോടും വിശദീകരണം തേടണമായിരുന്നു. അതുണ്ടാവാത്തതാണ് ഗ്രൂപ്പുകൾക്കതീതമായ പിന്തുണ ഇരുവർക്കും കോൺഗ്രസിൽ നേടിക്കൊടുക്കുന്നത്. അനാവശ്യമായാണ് അച്ചടക്ക നടപടി എന്ന് വലിയൊരു വിഭാഗം നേതാക്കൾ കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടത്തേണ്ട ഘട്ടത്തിൽ പരസ്പരം തല തല്ലിപ്പൊളിക്കുന്ന സ്ഥിതിയാണ് കോൺഗ്രസിലെന്ന് പറയുന്നത് പാർട്ടി പ്രവർത്തകർ തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടത്തിലൂടെ എംപിമാരായവരാണ് എം.കെ. രാഘവനും കെ. മുരളീധരനും. അതുകൊണ്ടുതന്നെ ഇരുവരും ഇടഞ്ഞു നിൽക്കുന്നത് കോൺഗ്രസിന്റെ തലവേദന കൂട്ടുകയേയുള്ളൂ.