
കൊവിഡ് 19: കേരളത്തിൽ ആക്റ്റീവ് കേസുകൾ 1000 കടന്നു
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ്-19 കേസുകൾ 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് കേസുകളുടെ എണ്ണം 1,147 ആയി ഉയർന്നു. 4 ദിവസത്തിനിടെ 717 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം. പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഇന്ത്യയിലെ ആക്റ്റിവ് കൊവിഡ്-19 കേസുകൾ 2,700 കടന്നു. രാജ്യത്താകെ 2,710 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1147 കേസുകളുമായി കേരളമാണ് മുന്നിൽ. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (424), ഡൽഹി (294), ഗുജറാത്ത് (223) കർണാടക (148) തമിഴ്‌നാട് (148) പശ്ചിമ ബംഗാൾ (116) എന്നീ സംസ്ഥാനങ്ങളാണ്.
24 മണിക്കൂറിനുള്ളിൽ 7 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, 2025ൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. മഹാരാഷ്ട്രയിൽ (2), ഡൽഹി (1) , ഗുജറാത്ത് (1), കർണാടക (1), പഞ്ചാബ് (1), തമിഴ്‌നാട് (1) എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണസംഖ്യ.
രോഗവ്യാപനം സ്വാഭാവികമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങളാണ് രോഗം പടർത്തുന്നത്. ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികൾ കുറവാണെന്നാണ് കേന്ദ്രവും സംസ്ഥാനവും അറിയിക്കുന്നത്.