ഓണ 'വെള്ളംകളി': കേരളം ഒരാഴ്ചയ്ക്കിടെ കുടിച്ചുതീര്‍ത്തത് 665 കോടി രൂപയുടെ മ​​ദ്യം

ഉത്രാട ദിനം മാത്രം 121 കോടി രൂപയുടെ വില്‍പ്പന | ഇത്തവണ 770 കോടി കടക്കുമെന്ന് പ്രതീക്ഷ | ഈ വര്‍ഷം 41 കോടിയുടെ അധിക വില്‍പ്പന
Representative image
Representative imageAlcohol consumption is injurious to health

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മലയാളി ഓണാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുടിച്ചുതീര്‍ത്തത് 665 കോടി രൂപയുടെ മദ്യം. ബെവ്റെജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലുമായാണ് ഇത്രയും മദ്യം സംസ്ഥാനത്ത് ഓണത്തോടടുപ്പിച്ചുള്ള ദിവസങ്ങളിൽ വിറ്റു പോയത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണു വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 624 കോടിയുടെ മദ്യമാണു വിറ്റുപോയത്. അതേസമയം ഇത്തവണ ഉത്രാട ദിവസം മാത്രം 121 കോടി രൂപയുടെ മദ്യമാണു സംസ്ഥാനത്താകെ വില്‍പ്പന നടന്നത്. ബെവ്കോ ഔട്ട്‌ലെ‌റ്റുകളിലൂടെ മാത്രം 116.2 കോടി രൂപയുടെ മദ്യം വിറ്റുപോയി. ബാറുകള്‍ വഴി 4.8 കോടിയുടെ മദ്യവും വില്‍പ്പന നടന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഔട്ട് ലെറ്റുകളിലൂടെ 112.07 കോടിരൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.

അതേസമയം രണ്ടുദിവസത്തെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഓണക്കാല മദ്യ വില്‍പ്പന 770 കോടി കടക്കുമെന്നാണു ബെവ്റെജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒണക്കാലത്ത് പത്തു ദിവസത്തിനിടെ 700 കോടിയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലൂടെ 1.06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവും വില്‍പ്പന നടത്തി. ചിന്നക്കനാല്‍ ഔട്ട്‌ലെറ്റിലൂടെയാണ് ഏറ്റവും കുറഞ്ഞ വില്‍പ്പന നടന്നത്. 6.32 ലക്ഷം രൂപയുടെ വില്‍പ്പന. അതേസമയം സര്‍ക്കാര്‍ അവധിയും ഒ‌ന്നാം തിയതിയും ഒരുമിച്ച വന്ന ഈ ഓണക്കാലത്ത് നാലു ദിവസത്തില്‍ മൂന്ന് ദിവസവും ബെവ്കോ തുറന്ന് പ്രവര്‍ത്തിക്കില്ല. ഈ നാലു ദിവസത്തില്‍ രണ്ടു ദിവസം ബാറുകളും തുറക്കില്ല.

തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളിലാണ് ഓണക്കാലത്ത് സാധാരണ ഗതിയില്‍ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിനു സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാഞ്ഞത്. ശ്രീനാരായണ ഗുരു ജയന്തിയായ നാലാം ഓണം സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയില്‍ ഇത്തവണ ഒന്നാം തീയതി കൂടി ഓണക്കാലത്തിനിടയില്‍ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്കോ തുറക്കാത്തത്. ഇതില്‍ 31 നു നാലാം ഓണത്തിനും ഒന്നാം തിയതിയും ബാറും തുറക്കില്ല. എന്നാല്‍ തിരുവോണ ദിവസം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പ്പന പതിവായതിനാല്‍ മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന് വെയര്‍ഹൗസ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നേരത്തെ തന്നെ ബെവ്കോ നിര്‍ദേശം നല്‍കിയിരുന്നു.

ജനപ്രിയ ബ്രാന്‍റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ കരുതുക, സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുക, പ്രത്യേകിച്ചൊരു ബ്രാന്‍ഡും ആവശ്യപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് സര്‍ക്കാരിന്‍റെ സ്വന്തം ബ്രാന്‍റായ ജവാന്‍ റം നല്‍കുക, ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കുക, തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട്‌ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക, വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാരുടെ അവധി ഒഴിവാക്കുക, തുടങ്ങിയ നിര്‍ദേശങ്ങളാണു നല്‍കിയിരുന്നത്. ഇതോടൊപ്പം ഔട്ട് ലെറ്റുകളില്‍ കെട്ടിക്കിടക്കുന്ന ബ്രാന്‍ഡുകളില്‍ വിൽപ്പന തീയതി കഴിഞ്ഞവ ശാസ്ത്രീയ പരിശോധന നടത്താതെ വില്‍ക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com