20 മണ്ഡലം, 194 സ്ഥാനാർഥികൾ, 2,77,49,159 വോട്ടർമാർ; അങ്കത്തിനൊരുങ്ങി കേരളം

ആകെയുള്ള 194 സ്ഥാനാർഥികളിൽ 169 പേരും പുരുഷന്മാരാണ്. വെറും 25 പേർ മാത്രമാണ് സ്ത്രീകൾ.
Representative image
Representative image

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ സ്ഥാനാർഥികളും വോട്ടർമാരും. ഇത്തവണ 20 മണ്ഡലങ്ങളിൽ നിന്നായി 194 സ്ഥാനാർഥികളാണ് കേരളത്തിൽ അങ്കം കുറിക്കുന്നത്. 2,77,49,159 വോട്ടർമാർ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഇവരുടെ വിധി നിശ്ചയിക്കും. ഇതിൽ തന്നെ അഞ്ച് ലക്ഷം പേർ കന്നിവോട്ടർമാരാണ്. കോട്ടയത്താണ് ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. 14 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ പൊരുതുന്നത്. ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് ആലത്തൂരിലാണ്. ഇത്തവണ 5 സ്ഥാനാർഥികൾ മാത്രമാണ് ആലത്തൂരിൽ നിന്ന് മത്സരിക്കുന്നത്. കോഴിക്കോട് നിന്ന് 13 സ്ഥാനാർഥികളും കൊല്ലം കണ്ണൂർ എന്നിവിടങ്ങളിൽ 12 വീതം സ്ഥാനാർഥികളും രംഗത്തുണ്ട്.

ആകെയുള്ള 194 സ്ഥാനാർഥികളിൽ 169 പേരും പുരുഷന്മാരാണ്. വെറും 25 പേർ മാത്രമാണ് സ്ത്രീകൾ. വടകര മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ത്രീ സ്ഥാനാർഥികളുള്ളത്. നാല് സ്ത്രീകളാണ് അവിടെ സ്ഥാനാർഥികളായി ഉള്ളത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി കൈകാര്യം ചെയ്യുന്നിനായി 66,303 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതു കൂടാതെ കേരള പൊലീസും കേന്ദ്ര സേനയും സുരക്ഷ ഉറപ്പാക്കാൻ രംഗത്തുണ്ട്. ഇത്തവണ 13,272 സ്ഥലങ്ങളിലായി 25,231 ബൂത്തുകളിലാണ് വോട്ടെടുപ്പു നടക്കുന്നത്. കേരളത്തിലെ വിധി നിർണയത്തിനെത്തുന്നവരുടെ വിരലിൽ പുരട്ടുന്നതിനായി 63,100 കുപ്പി മഷിയാണ് എത്തിച്ചിരിക്കുന്നതെന്ന് മുഖ്യ ഇലക്റ്ററൽ ഓഫിസർ സഞ്ജയ് കൗൾ പറയുന്നു.

ഇത്തവണ രണ്ടു കേന്ദ്ര മന്ത്രിമാരും , ഒരു സംസ്ഥാന മന്ത്രിയും, മൂന്നു താരങ്ങളും അടക്കം സമ്പന്നമായ സ്ഥാനാർഥിപ്പട്ടികയാണ് കേരളത്തിനുള്ളത്. നിരവധി എംഎൽഎമാരും മത്സരരംഗത്തുണ്ട്.

2019 ലെ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയത്. വെറും ഒരു സീറ്റിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ഇത്തവണ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം, ലൗ ജിഹാദ്, സിഎഎ, കേരള സ്റ്റോറി, തുടങ്ങി നിരവധി വിഷയങ്ങൾ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വിഷമായി മാറിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com